ഫ്രഷ് കട്ട്: സമര സമിതി ആഹ്ലാദത്തിൽ
താമരശേരി : ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിന് സർക്കാർ സ്റ്റോപ്പ് മെമ്മോ നൽകി. പ്ലാന്റ് അടച്ചുപൂട്ടാനുള്ള നടപടിയുടെ ഭാഗമായാണ് സ്റ്റോപ്പ് മെമ്മോ നൽകിയതെന്നാണ് വിവരം. നാട്ടുകാരുടെ ദീർഘകാല സമരവും പ്രതിഷേധവും കണക്കിലെടുത്താണ് സർക്കാർ തീരുമാനമെന്ന് പി.കെ. ഫിറോസ് എംഎൽഎ പ്രതികരിച്ചു. പ്രദേശത്ത് ആഹ്ലാദ പ്രകടനം നടത്തി.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്ലാന്റ് അടച്ചുപൂട്ടുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും, വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി ഉണ്ടായതെന്നും ഫിറോസ് പറഞ്ഞു. വെള്ളപ്പൊക്കത്തിൽ പ്ലാന്റിനുള്ളിൽ വെള്ളം കയറി സൂക്ഷിച്ചിരുന്ന കോഴിമാലിന്യം സമീപ പുഴയിലേക്ക് ഒഴുകിപ്പോയത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്ലാന്റിനെതിരെ പ്രദേശവാസികൾ മാസങ്ങളായി പ്രതിഷേധത്തിലായിരുന്നു. ദുര്‍ഗന്ധവും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതുമാണ് പ്രധാന പരാതികൾ. ഒക്ടോബർ 21ന് പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ പ്ലാന്റിനും ഫ്രഷ് കട്ടിന്റെ മാലിന്യശേഖരണ വാഹനങ്ങൾക്കും തീകൊളുത്തുകയും വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടാകുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസുകാർക്ക് പരിക്കേൽക്കുകയും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍