കവർച്ചക്കു ശേഷം കുഴിച്ചിട്ട 39 ലക്ഷം കണ്ടെത്തി


കോഴിക്കോട് : ബാങ്ക് ജീവനക്കാരിൽ നിന്നു കവർചെയ്ത പണത്തിൽ 39 ലക്ഷം രൂപ കല്ലുവെട്ട് കുഴിയിൽ മൂടിയിട്ട നിലയിൽ കണ്ടെത്തി.
രാമനാട്ടുകര ഇസാഫ് ബാങ്കിൽ നിന്നു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടു പോയ 40 ലക്ഷം രൂപ കവർച്ച ചെയ്ത സംഭവത്തിലാണു നിർണായക വഴിത്തിരിവ്.
ഈ കേസിൽ നേരത്തേ അറസ്റ്റിലായ പ്രതി കയിമ്പാലം റോഡ് ഒളവണ്ണ പള്ളിപ്പുറം മനയിൽ പറമ്പ് ഷിബിൽ ലാലിന്റെ (മനു–37) സാമ്പത്തിക ഇടപാട് പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. 

 സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ നൽകിയ വിവരത്തെ തുടർന്ന് അന്വേഷണ സംഘം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് പ്രതി ഒളിപ്പിച്ച പണം കണ്ടെത്തിയത്.
പ്രതിയുമായി പൊലീസ് പള്ളിപ്പുറത്ത് വലിയഞ്ചേരി പറമ്പ് റോഡിൽ എത്തി. ഉള്ളാട്ടിൽ പറമ്പിലെ കല്ലുവെട്ടു കുഴിയിൽ ചപ്പുചവറുകൾ മൂടിയ ചാക്ക് കണ്ടെത്തി. പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ബാഗ് കണ്ടെടുക്കുകയായിരുന്നു. തുടർന്നു പരിശോധിച്ചപ്പോഴാണ് ബാഗിൽ നിന്നു നനഞ്ഞ 39 ലക്ഷം രൂപ കണ്ടെടുത്തത്. കഴിഞ്ഞ മാസം 11നു നടന്ന സംഭവത്തിൽ പ്രതി ഷിബിൻ ലാലിനെ 3 ദിവസം കൊണ്ടു പൊലീസ് പാലക്കാട്ടു നിന്നു അറസ്റ്റ് ചെയ്തിരുന്നു. 55,000 രൂപ അന്നു കണ്ടെടുത്തു. 45,000 രൂപ സുഹൃത്തിനു നൽകിയതായും മൊഴി നൽകി. അന്വേഷണത്തിൽ സുഹൃത്ത് ദിനരഞ്ചു (കുട്ടാപ്പി), ഷിബിൻ ലാലിന്റെ ഭാര്യ കൃഷ്‌ലേഖ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ സുഹൃത്ത് ദിനരഞ്ചുവിനു നൽകിയ പണം ചെലവഴിച്ചതായി കണ്ടെത്തി. കേസിൽ ബാക്കി മുഴുവൻ പണവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.


കഴിഞ്ഞ മാസം 2 തവണ ഷിബിൻ ലാലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലും ഒരു ലക്ഷം രൂപ മാത്രമാണ് ബാഗിൽ ഉണ്ടായിരുന്നതെന്നാണു മൊഴി നൽകിയത്. ബാങ്ക് ജീവനക്കാർ 40 ലക്ഷം രൂപ ബാഗിൽ ഉണ്ടായിരുന്നെന്നു തെളിവു നൽകി. പിന്നീട് ബാക്കി കിട്ടാനുള്ള 39 ലക്ഷം രൂപയെ കുറിച്ചു പലതവണ ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല. തുടർന്നു പൊലീസ് പ്രതിയുടെ ബാങ്ക് ഇടപാടുകൾ നിരീക്ഷിക്കുകയായിരുന്നു. ഭാര്യയെ പ്രതി ചേർത്തിട്ടും ഷിബിൻ ലാൽ പതറാതെ സത്യം മൂടി വച്ചു. പ്രതിക്ക് ഒന്നര കോടിയോളം രൂപയുടെ കടബാധ്യത ഉള്ളതിനാൽ ഏതെങ്കിലും ഇടപാടുകൾ നടക്കുന്നുണ്ടോ എന്ന് പൊലീസ് നിരീക്ഷണം നടത്തി. ഷിബിൻ ലാൽ നേരത്തേ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു വായ്പയെടുത്തതിൽ 80 ലക്ഷം രൂപ നൽകാനുണ്ടെന്നും ഒറ്റത്തവണയായി 35 ലക്ഷം രൂപ അടച്ചു തീർക്കാൻ ശ്രമം നടത്തിയെന്നും സിറ്റി പൊലീസ് കമ്മിഷണർക്കു വിവരം ലഭിച്ചു. തുടർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തത്. ഇതാണ് കേസിൽ വഴിത്തിരിവായത്.

Post a Comment

0 Comments