രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ: ഇ.ടി.മുഹമ്മദ് ബഷീർ

ന്യൂഡൽഹി : 72 മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കുമായി 1.30 ലക്ഷം കോടി രൂപയുടെ സപ്ലിമെന്ററി ഡിമാന്‍ഡ് അവതരിപ്പിക്കേണ്ടി വന്നത് ഇന്ത്യയുടെ സാമ്പത്തിക മാനേജ്മെന്റ് സംവിധാനത്തിന്റെ പരാജയമാണെന്നും വിഷയത്തില്‍ അടിയന്തരമായ ആത്മപരിശോധന അനിവാര്യമാണെന്ന് വ്യക്തമാവുന്നുണ്ടന്നും മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഇന്ന് പാര്‍ലമെന്റില്‍ പറഞ്ഞു. സാമ്പത്തിക ഭരണ രീതികള്‍ പുനഃസംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബജറ്റ് നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങള്‍ നടപ്പാക്കുന്നതില്‍  ഉണ്ടാകുന്ന വൈകല്‍ പ്രകിയകള്‍ക്ക് ധനകാര്യ, ഭരണ, നടപടിക്രമ തലങ്ങളിലെ ഗുരുതര പോരായ്മകളാണ് കാരണമെന്ന് എംപി പറഞ്ഞു. കേന്ദ്രവിഹിതം സംസ്ഥാനങ്ങളിലേക്കും നടപ്പിലാക്കുന്ന ഏജന്‍സികളിലേക്കും സമയബന്ധിതമായി കൈമാറാത്തതും, സംസ്ഥാനങ്ങളുടെ പങ്കുവിഹിതം വൈകുന്നതും, യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റ് കണക്കുകൂട്ടലുകളും ആവര്‍ത്തിച്ചുള്ള സപ്ലിമെന്ററി ഗ്രാന്റുകള്‍ നല്‍കുന്നതിനും നിര്‍വഹണത്തിലെ മന്ദഗതിക്കും വഴിയൊരുക്കുന്നു. പദ്ധതികളുടെ ആസൂത്രണത്തിലെ അപാകതകള്‍, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ ഇല്ലായ്മ, ബഹുസ്ഥര അനുമതി നടപടികള്‍, പരിസ്ഥിതിവനം ഉള്‍പ്പെടെയുള്ള ക്ലിയറന്‍സുകളിലെ വൈകലുകള്‍ എന്നിവയും പ്രധാന തടസ്സങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടാതെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഗുണമേന്മയുള്ള മനുഷ്യവിഭവ ശേഷിയുടെ കുറവും സാങ്കേതിക കഴിവുകളുടെ അപര്യാപ്തതയും ഗുരുതര പ്രശ്നങ്ങളായി തുടരുന്നു. രാജ്യം അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണെന്ന അവകാശവാദവും യാഥാര്‍ത്ഥ്യവും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നുവെന്നും, ലോകം 'Survival of the Fastest' എന്ന സമീപനം സ്വീകരിക്കുമ്പോള്‍ ഇന്ത്യ ഇപ്പോഴും പഴയ രീതികളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും എംപി വിമര്‍ശിച്ചു. സാങ്കേതിക രംഗത്തുപോലും ഇന്ത്യ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ ഇന്ത്യയ്ക്ക് സ്വന്തം സമീപനം അനിവാര്യമാണെന്നും, ആഗോളവത്കരണത്തിന് ഇന്ത്യന്‍വല്‍ക്കരണം ആവശ്യമാണ് എന്നും എംപി അഭിപ്രായപ്പെട്ടു. നെഹ്‌റുവിയന്‍ ജനാധിപത്യ സോഷ്യലിസത്തിന്റെ പശ്ചാത്തലവും ഇന്നത്തെ നയമാറ്റങ്ങളും തമ്മിലുള്ള താരതമ്യ പഠനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് സംസ്ഥാനം സമ്പദ്വ്യവസ്ഥയിലെ മുഖ്യ പങ്കാളിയായിരുന്നുവെങ്കില്‍, ഇന്ന് അത് വെറും സൗകര്യദാതാവായി മാറുന്ന അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ കമ്പനികളുടെ ലാഭം രാജ്യത്തുനിന്ന് പുറത്തേക്ക് മാറ്റുന്നത് ഗൗരവമായ ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്നും, ഇന്ത്യയെ വെറും വിപണിയായി കാണുന്ന സമീപനം സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ടെന്നും എം.പി പറഞ്ഞു.


Post a Comment

0 Comments