തട്ടിപ്പുകാരുടെ കുടുംബത്തെ പറ്റിച്ച രണ്ടുപേർ പിടിയിൽ


പൊന്നാനി : തട്ടിപ്പുകാരുടെ കുടുംബത്തെ പറ്റിച്ച് കാൽക്കോടി കഴിക്ക വിരുതന്മാർ പൊലീസ് പിടിയിലായി. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് ഒതുക്കാൻ എന്ന് പറഞ്ഞാണ് 25 ലക്ഷം തട്ടിയത്.
തൃപ്രങ്ങോട് മാരാംകുളമ്പില്‍ വീട്ടില്‍ നവാസ് (38), കാരത്തൂര്‍ ചിറക്കപറമ്പില്‍ കമറുദ്ദീന്‍ (45) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ സർട്ടിഫിക്കറ്റ് കേസിലെ 
പ്രതികളുടെ വീട്ടുകാരില്‍നിന്നാണു  പോലീസിനെന്ന് പറഞ്ഞ് പണം തട്ടിയത്. 
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ കേസില്‍ അറസ്റ്റിലായ പ്രതികളെ രക്ഷിക്കാന്‍ പോലീസിനു നല്‍കാനെന്നു പറഞ്ഞാണ് ഇവർ പണം തട്ടിയത്.  വ്യാജ സർട്ടിഫിക്കറ്റ് കേസില്‍ നേരത്തെ അറസ്റ്റിലായ നരിപ്പറമ്പ് സ്വദേശി ഇര്‍ഷാദ്, പുറത്തൂര്‍ സ്വദേശി രാഹുല്‍ എന്നിവരുടെ ബന്ധുക്കളില്‍നിന്നാണ് പണം തട്ടിയത്. പോലീസുകാര്‍ക്ക് പണം കൊടുത്തില്ലെങ്കില്‍ ജാമ്യം കിട്ടില്ലെന്നും ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കുമെന്നും പണം നല്‍കിയാല്‍ കേസില്‍നിന്നു രക്ഷപ്പെടുത്താമെന്നും പറഞ്ഞാണ് സംഘം ബന്ധുക്കളെ സമീപിച്ചത്.
പോലീസുകാരുമായി തങ്ങള്‍ക്ക് നല്ല ബന്ധമാണെന്നും എസ്പി, ഡിവൈഎസ്പി തുടങ്ങിയവര്‍ക്കൊക്കെ പണം നല്‍കണമെന്നും ബന്ധുക്കളെ വിശ്വസിപ്പിച്ചു. പണം നല്‍കിയാല്‍ ജാമ്യം ലഭിക്കുമെന്നും പത്രമാധ്യമങ്ങളില്‍ വാര്‍ത്ത വരില്ലെന്നും സംഘം വീട്ടുകാരെ അറിയിച്ചു. വിശ്വസിപ്പിക്കാനായി ഡിവൈഎസ്പിയുടേതാണെന്നുപറഞ്ഞ് ഒരു ശബ്ദരേഖ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുകയുംചെയ്തു.
വീട്ടുകാര്‍ സ്വര്‍ണം പണയംവെച്ചും മറ്റും സംഘടിപ്പിച്ച 20 ലക്ഷം രൂപ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. അഞ്ചുലക്ഷം രൂപ പണമായും നല്‍കി. ആദ്യം അറസ്റ്റിലായവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയും കുറച്ചുദിവസങ്ങള്‍ക്കുശേഷം വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ സംഘത്തിലെ പ്രധാനി ഉള്‍പ്പെടെ എല്ലാവരും അറസ്റ്റിലാകുകയും ചെയ്തതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി വീട്ടുകാര്‍ക്കു മനസ്സിലായത്. തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.
അറസ്റ്റിലായ ഇരുവരെയും ചോദ്യംചെയ്തതില്‍ തിരൂര്‍ സ്വദേശി സാജിദ് (സോഡ ബാബു-48) ആണ് സൂത്രധാരനെന്ന് പോലീസിന് വിവരം ലഭിച്ചു. ഇയാളുടെ ശബ്ദസന്ദേശമാണ് ഡിവൈഎസ്പിയുടേതാണെന്നു പറഞ്ഞ് വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തത്.
ദിവസങ്ങള്‍ക്കുമുന്‍പ് വാഹനമോഷണവുമായി ബന്ധപ്പെട്ട് എറണാകുളം പനങ്ങാട് പോലീസിന്റെ പിടിയിലായ സാജിദ് എറണാകുളം സബ് ജയിലിലാണുള്ളത്. കേസില്‍ പ്രതിചേര്‍ത്ത സാജിദിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും.
ഇന്‍സ്പെക്ടര്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ എസ്ഐ ബിബിന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃപേഷ്, സുമേഷ്, ശ്രീരാജ് എന്നിവര്‍ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.

>>പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ സംഘത്തിലെ പ്രതികളെ തുടരന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഒന്നാംപ്രതി ധനീഷ് ഉള്‍പ്പെടെ നാലുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇവരെ പോലീസ് സംഘം ശിവകാശി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടുപോയിരിക്കുകയാണ്.


Post a Comment

0 Comments