വാഹനം എന്തായാലും ഫീച്ചറുകൾ എത്ര ഉണ്ടായാലും രക്ഷ കരുതലിൽ
കഴിഞ്ഞ ദിവസം ഒരു ആക്‌സിഡന്റുമായി ബന്ധപ്പെട്ട് ഥാർ റോക്‌സ് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതേ തുടർന്ന്
ഥാർ റോക്‌സ് ഉപയോഗിക്കുന്നവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ്.
കുറിപ്പിൽ നിന്ന്:
ലെവൽ 2 ADAS ഫീച്ചർ ഉള്ള വാഹനം ആയതിനാൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൊളീഷൻ വാണിംഗ് എന്നിവ ഇതിലുണ്ട്. ഒരിക്കൽ എന്റെ വണ്ടിയുടെ ഫ്രണ്ടിൽ പെട്ടെന്ന് ഒരു ബൈക്ക് ക്രോസ് കേറിയപ്പോൾ ഞാൻ ബ്രേക്ക് ചെയ്യുന്നതിന് മുൻപ് തന്നെ വണ്ടി ഓട്ടോ ബ്രേക്ക് ചെയ്യുകയും ആ ആക്സിഡന്റ് ഒഴിവാകുകയും ചെയ്‌തു. പെട്ടെന്ന് ബ്രേക്ക് പെഡൽ തനിയെ താഴ്ന്നു പോയപ്പോൾ ഞാൻ വളരെയധികം പാനിക് ആയി പോയിരുന്നു. പക്ഷെ വണ്ടി ഓട്ടോ ബ്രേക്ക് ചെയ്തത് ആണെന്ന് മനസിലാക്കാൻ എടുത്ത ആ ഒരു സെക്കൻഡിൽ ഞാൻ നന്നായി പേടിച്ചു പോയിരുന്നു. കൂടാതെ മുന്നിൽ പോകുന്ന വണ്ടിയുമായി നമ്മൾ പെട്ടെന്ന് ക്ലോസ് ആയാലും വാണിംഗ് അലാം മുഴങ്ങുകയും സ്റ്റിയറിംഗ് വൈബ്രേറ്റ് ചെയ്യുകയും ചെയ്യാറുണ്ട്. കൂടാതെ വളവുകൾ നമ്മൾ ഇത്തിരി വേഗം കൂട്ടിയാലും വളവ് തിരിയുമ്പോൾ സൈഡ് കൂടുതൽ ചേർന്നാലുമൊക്കെ ഇതേ അലാം മുഴങ്ങുകയും സ്റ്റിയറിംഗ് വൈബ്രേറ്റ് ചെയ്യുകയും ചെയ്യാറുണ്ട്. ഇനി നമ്മൾ ഉറക്കം തൂങ്ങിയാൽ അലാം മുഴങ്ങുമോ എന്നുള്ളത് ഞാൻ ഇത് വരെ അനുഭവിച്ചിട്ടില്ല.
ഥാർ ആക്‌സിഡന്റ് ഉണ്ടായ CCTV ദൃശ്യങ്ങളിൽ കണ്ടത് നേരിട്ടുള്ള ഇടിയാണ്. ഒന്നുകിൽ ADAS ഫീച്ചർ ഓഫ് ആയിരുന്നിരിക്കാം. ഇല്ലെങ്കിൽ അതിവേഗതയിൽ വരുന്ന വണ്ടി ഓട്ടോബ്രേക് ചെയ്താലും അടുത്ത സെക്കൻഡിൽ എതിരെ വരുന്ന വണ്ടി ഇടിച്ചു കയറുമല്ലോ.
ഥാർ പോലെയുള്ള SUV കൾ ഓടിക്കുന്ന ആളുകൾ പലരും അതിന്റെ ഡ്രൈവിങ് സീറ്റിൽ കയറി ഇരിക്കുമ്പോൾ ഉള്ള ത്രില്ലും നല്ല റോഡ് പ്രെസൻസും കാൽ കൊടുത്താൽ ഉള്ള സഡൻ പിക്കപ്പും കാരണം അമിത വേഗതയിൽ ഡ്രൈവ് ചെയ്യാറുണ്ട്. ഓർക്കുക 60 കിലോമീറ്റർ വേഗത്തിൽ ഓടിക്കുന്ന വണ്ടി ഉണ്ടാക്കുന്ന ആസിഡന്റിനേക്കാൾ വളരെയധികം ഭീകരം ആയിരിക്കും 100 കിലോമീറ്റർ വേഗതയിൽ പോകുമ്പോൾ ഉണ്ടാകുന്ന അപകടം. സ്പീഡ് കൂടും തോറും അപകടത്തിന്റെ ഭീകരത കൂടും എന്നതിന്റെ ഉദാഹരണമാണ് അതിവേഗതയിൽ പോകുന്ന വിമാനത്തിൽ ഒരു പക്ഷി ഇടിച്ചാൽ അത് ഡാമേജ് ആകുന്നത്.
ഏറ്റവും കൂടുതൽ അപകടങ്ങൾ കാണുന്നത് രാത്രിയിൽ ഉറക്കമൊഴിച്ചുള്ള ഡ്രൈവിങ്ങിൽ ആണ്. പലരും പാതിരാത്രിയിൽ ഡ്രൈവ് ചെയ്യുമ്പോൾ കൂടെയുള്ള ആളുകൾ എല്ലാവരും നല്ല ഉറക്കത്തിലും ആയിരിക്കും. ഇടക്ക് സെക്കൻഡുകൾക്കുള്ളിൽ ആയിരിക്കും നമ്മളും ഉറക്കത്തിലേക്ക് വഴുതി വീഴുന്നതും വലിയ അപകടങ്ങൾ ഉണ്ടാകുന്നതും. രാത്രിയിൽ ഉറക്കമൊഴിച്ചുള്ള ഡ്രൈവിങ് പരമാവധി ഒഴിവാക്കുക. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ആയിരമോ രണ്ടായിരമോ കൊടുത്താൽ രാത്രി ഓടിച്ചു ശീലമുള്ള ഡ്രൈവേഴ്‌സിനെ കിട്ടുമല്ലോ.
ഒരുപാട് യാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ ഞങ്ങൾ രാത്രി 11 ഒക്കെ ആയാൽ അടുത്ത ഹോട്ടലിൽ റൂം എടുത്ത് പിറ്റേ ദിവസം രാവിലെയേ യാത്ര തുടരാറുള്ളൂ. ചിലപ്പോൾ എയർപോർട്ടിൽ വെളുപ്പിനെ വന്നിറങ്ങുമ്പോൾ കൂടെയുള്ള ആളുകളൊക്കെ ഇനി വീട്ടിൽ ചെന്നിട്ട് സുഗമായി ഉറങ്ങാം എന്ന് പറഞ്ഞു വെളുപ്പിനെ ഡ്രൈവ് ചെയ്‌ത് പോകുമ്പോഴും ഞങ്ങൾ വണ്ടിയിൽ കിടന്നു ഒന്ന് ഉറങ്ങി ഫ്രഷ് ആയിട്ടാണ് പലപ്പോഴും വീട്ടിൽ പോകുന്നത്. ദയവായി പാതിരാത്രിയിലും ഉറങ്ങാതെ ഇരിക്കുമ്പോൾ അതിരാവിലെയുമുള്ള ഡ്രൈവിംഗ് എല്ലാവരും പരമാവധി ഒഴിവാക്കുക.
നിങ്ങൾ എത്ര മികച്ച ഡ്രൈവർ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുൾ സൗണ്ടിൽ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല. താഴെ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടെങ്കിൽ, ഡ്രൈവിംഗ് അൽപ്പനേരത്തേക്കു നിർത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാൻ അനുവദിക്കുക.
1. കണ്ണുകൾക്ക് ഭാരം അനുഭവപ്പെടുക
2. തുടർച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വെക്കേണ്ടി വരിക
3. ഡ്രൈവിംഗിൽ നിന്നും ശ്രദ്ധ പതറുക
4. അന്നുണ്ടായതോ അല്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ഉണ്ടാകാൻ പോകുന്നതോ ആയ കാര്യങ്ങൾ ചിന്തിക്കുക.
5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക
6. തുടർച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക
7. തലയുടെ ബാലൻസ് തെറ്റുന്നത് പോലെ തോന്നുക
8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക
ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോർ നമുക്ക് നൽകുന്ന അപായസൂചനകളാണ് മേൽപ്പറഞ്ഞ ഓരോന്നും
ശരീരത്തിന്റെ വിവിധഭാഗങ്ങൾ ഒരേ താളത്തിൽ ജോലി ചെയ്യുമ്പോൾ മാത്രമേ നല്ല രീതിയിൽ വാഹനമോടിക്കാൻ മാത്രമല്ല മറ്റെന്തിനും നമുക്ക് കഴിയുകയുള്ളൂ. അതിനാൽ ഈ ലക്ഷണങ്ങളൊക്ക തോന്നിയാൽ ഡ്രൈവിംഗ് അൽപ്പനേരത്തേക്കു നിർത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാൻ അനുവദിക്കുക എന്നതുതന്നെയാണ് പ്രധാനം. കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും നിർബന്ധമായും ഉറങ്ങണം.
ദൂരയാത്രക്ക് ഇറങ്ങും മുമ്പ് ഉറക്കത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങൾ കൂടി ഓര്‍മ്മിക്കുക
1. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നന്നായി ഉറങ്ങുക
2. ദീര്‍ഘ ഡ്രൈവിംഗിന് മുമ്പ് ഏഴോ എട്ടോ മണിക്കൂർ നിർബന്ധമായും ഉറങ്ങുക
3. ഡ്രൈവിംഗ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളിൽ ഒപ്പം കൂട്ടുക
4. രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കിൽ വാഹനം ഓടിക്കാതിരിക്കുക. സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ശരീരത്തിനുണ്ടാകുന്ന സമയമാണിത്
5. കഫീൻ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫീനിന് കഴിയും.
6. ഡ്രൈവിംഗിൽ അമിതമായ ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുക. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക
ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു ഉറക്കം വരുന്നുണ്ടെങ്കിൽ ദയവു ചെയ്‌ത് ഡ്രൈവിംഗ് അൽപ്പനേരത്തേക്കു നിർത്തി വയ്ക്കുക. ഓരോ ജീവനും വിലപ്പെട്ടതാണ്.

Post a Comment
0 Comments