പെണ്ണുടലിലെ ഏക തെയ്യത്തെ കാണാൻ ആയിരങ്ങൾ

കണ്ണൂർ : ഭഗവതിത്തയ്യം പോലും പുരുഷന്മാർ കെട്ടുന്ന പതിവിന് ഇവിടെ മാറ്റമുണ്ട്, പെണ്ണുടലിൽ ഉറഞ്ഞാടുന്ന കേരളത്തിലെ ഏക തെയ്യം ഇവിടെയാണ്. 
ചെറുകുന്ന് തെക്കുമ്പാട് ദ്വീപിലുള്ള കൂലോം താഴേക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായുള്ള പെൺ തെയ്യം വള്ളിയമ്മക്കൂത്ത് എന്ന ദേവക്കൂത്ത് കാണാൻ പുഴ കടന്ന് എത്തിയത് ആയിരങ്ങൾ.
ശനിയാഴ്ച നടന്ന ദേവക്കൂത്ത് കാണാനാണ് വിവിധ ജില്ലകളിൽ നിന്നുള്ളവർ ഈ ക്ഷേത്രത്തിൽ എത്തിയത്.  ഉത്തര മലബാറിലെ വിവിധ കാവുകളിലും ക്ഷേത്രങ്ങളിലും തെയ്യങ്ങൾ കെട്ടിയാടുന്നത് പുരുഷൻമാരാണ്. എന്നാൽ തെക്കുമ്പാട്  കൂലോത്തെ ദേവക്കൂത്ത് കെട്ടുന്നത് സ്ത്രീയാണെന്നതാണ് സവിശേഷത. 
മാടായിലെ എം.വി. അംബുജാക്ഷിയാണ് ദേവക്കൂത്ത് കെട്ടിയത്. കാട്ടുപറമ്പിൽ കണ്ണൻ പണിക്കരുടെ ഭാര്യയാണ്  അംബുജാക്ഷി. 2012 മുതലാണ് അംബുജാക്ഷി ദേവക്കൂത്ത് കെട്ടിയാടാൻ തുടങ്ങിയത്. സ്ത്രീ അവതരിപ്പിക്കുന്ന തെയ്യം എന്ന നിലയിലുള്ള പ്രത്യേകതയ്ക്ക് ഒപ്പം ഏറെ സാംസ്‌കാരിക പ്രാധാന്യവും ദേവക്കൂത്ത് തെയ്യത്തിനുണ്ട്.
ചായില്യമണിഞ്ഞ് സ്ത്രീ ദൈവമാകുന്ന കാഴ്ച കാണാൻ കണ്ണൂർ ജില്ലയിലെ മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപിലുള്ള കൂലോം തായെക്കാവിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ആളുകൾ എത്തിയിരുന്നു. 
കാവ് ഉൾപ്പെടുന്ന ദ്വീപിന്റെ ആകാശ ദൃശ്യം

 ദേവക്കൂത്ത് എന്നാണു  സ്ത്രീത്തെയ്യം അറിയപ്പെടുന്നത്. 
14 വർഷത്തോളം ഒരു നാടിന്റെ ദേവതായായി പകർന്നാട്ടം നടത്തി കാട്ടുപ്പറമ്പിൽ ലക്ഷ്മിയമ്മ. അവർ കോലമഴിച്ചപ്പോഴാണു മലയൻവളപ്പിൽ അംബുജാക്ഷി ആദ്യമായി കെട്ടിയാടിയത്.

• തെയ്യത്തിനു പിന്നിലെ ഐതിഹ്യം
സഞ്ചാരത്തിനിടെ ദേവതമാർ തെക്കുമ്പാട് ദ്വീപിലെ പൂന്തോട്ടത്തിൽ എത്തി. ഒരു ദേവത കൂട്ടംതെറ്റി വള്ളിക്കെട്ടിനുള്ളിൽ അകപ്പെട്ടു. ഒടുവിൽ ആ ദേവതയെ കണ്ടെത്താനാകാതെ മറ്റു ദേവതമാർ ദേവലോകത്തേക്കു മടങ്ങി. ദേവതയുടെ വിളികേട്ട നാരദൻ അവരെ ദേവലോകത്ത് എത്തിച്ചു എന്നതാണ് ഈ സ്ത്രീ തെയ്യത്തിന്റെ ഐതിഹ്യം. 

Post a Comment

0 Comments