ആൾക്കൂട്ട കൊലപാതകം; വൻ പ്രതിഷേധം ഉയരുന്നു
പ്രതികളും കൊല്ലപ്പെട്ട അതിഥി തൊഴിലാളിയും (മാർക്ക് ചെയ്തത്)
പാലക്കാട് : അതിഥി തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധം ഉയരുന്നു.
വാളയാർ അട്ടപ്പള്ളത്താണ് അതിഥിത്തൊഴിലാളി ഛത്തീസ്ഗഡ് സ്വദേശി
രാമനാരായണൻ ഭയ്യാർ (31)നെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ അട്ടപ്പള്ളം സ്വദേശികളായ 5 പേരെ അറസ്റ്റ് ചെയ്തു.
കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ അനന്തൻ (55), കെ.ബിബിൻ (30), കല്ലങ്കാട് സ്വദേശി എ.അനു (38), മഹാളിക്കാട് സ്വദേശികളായ സി.പ്രസാദ് (34), സി.മുരളി (38) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബുധൻ വൈകീട്ട് ആറിനാണ്
കിഴക്കേ അട്ടപ്പള്ളത്ത് മോഷ്ടാവെന്ന് സംശയിച്ച് മർദ്ദനമേറ്റ ഭയ്യാർ രക്തം ഛർദ്ദിച്ച് കുഴഞ്ഞ് വീണത്. അതിക്രൂരമായ ആക്രമണങ്ങൾക്കാണ് തൊഴിലാളി ഇരയായത്. ബംഗ്ലാദേശിയെന്ന് ആരോപിച്ചും മർദിച്ചു.
കൊല്ലപ്പെട്ട റാം നാരായണന്റെ ശരീരത്തിൽ 40ലധികം മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
റാം നാരായണൻറെ തലയിലും ശരീരത്തിലുമേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. റാം നാരായണൻറെ തല മുതൽ കാലുവരെ 40ലധികം മുറിവുകളാണ് കണ്ടെത്തിയത്. പുറം ഭാഗം മുഴുവൻ വടികൊണ്ട് അടിച്ചു പൊളിച്ചു. ചവിട്ടിയതിൻറെയും നിലത്തിട്ട് വലിച്ചതിൻറെയും അടയാളങ്ങളും ശരീരത്തിലുണ്ട്. തലയിൽ രക്തസ്രാവം ഉണ്ടായെന്നാണ് പോസ്റ്റ്മോർട്ടത്തിന് മുമ്പ് എടുത്ത എക്സ്റേ ഫലത്തിലുള്ളത്. മണിക്കൂറുകൾ നീണ്ട കൊടുംക്രൂരതക്കൊടുവിലാണ് അതിഥി തൊഴിലാളിയുടെ ദാരുണ മരണം. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് ദാരുണ സംഭവം നടക്കുന്നത്.
കഞ്ചിക്കോട് കിൻഫ്രയിൽ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. മൂന്നുവർഷം മുൻപ് ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്നങ്ങൾ രാംനാരായണന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികളാണ് രാം നാരായണനെ ആദ്യം കാണുന്നത്. തുടർന്ന് സമീപത്തെ യുവാക്കളെ വിവരമറിയിച്ചു. പിന്നീട് പ്രദേശവസികൾ സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവെച്ചു. കള്ളൻ എന്ന് ആരോപിച്ചു മർദ്ദിക്കുകയായിരുന്നു. ആൾക്കൂട്ട വിചാരണയും നടത്തി. അവശനിലയിലായ രാമനാരായണനെ പൊലീസ് എത്തി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കണ്ടപ്പോൾ കള്ളനെന്ന് തോന്നി എന്നാണ് നാട്ടുകാരുടെ മറുപടി. മരിച്ചയാളുടെ പോക്കറ്റിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ ബന്ധപെട്ടാണു പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചത്. സമഗ്ര അന്വേഷണം നടത്തി മുഴുവൻ കുറ്റവാളികളെയും പിടികൂടണമെന്ന് വിവിധ സംഘടനകളും നേതാക്കളും ആവശ്യപ്പെട്ടു.

Post a Comment
0 Comments