കോട്ടയം : കാഞ്ഞിരപ്പള്ളിയിലെ കൂവപ്പള്ളിയിലെ വീട്ടിൽ ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. 
ഇടുക്കി കല്ലാർ തുരുത്തിയിൽ സ്വദേശിനിയായ ഷെർളി മാത്യു (45) കോട്ടയം ആലുമ്മൂട് കുരുട്ടുപറമ്പിൽ സ്വദേശിയായ ജോബ് സക്കറിയ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 6 മാസം മുമ്പാണ് ഇരുവരും കാഞ്ഞിരപ്പള്ളിയിൽ വാടകവീട്ടിൽ താമസമാരംഭിച്ചത്. ഷേർളിയുടെ പേരിലായിരുന്നു വീട്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
യുവതിയെ നിലത്ത് മരിച്ച നിലയിലും സുഹൃത്തിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്.
നാട്ടുകാരുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട ജീവിതമായിരുന്നു ഇവരുടേത്.
6 മാസമായി ഇവർ ഇവിടെ താമസിച്ചിരുന്നെങ്കിലും, അയൽവാസികളുമായോ നാട്ടുകാരുമായോ കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. അധികം സംസാരിക്കാറില്ലായിരുന്ന ഇരുവരും ഒരു കാറിൽ പോകുകയും തിരിച്ചുവരികയും ചെയ്യുന്നതിലപ്പുറം മറ്റ് വിവരങ്ങളൊന്നും അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഭർത്താവ് മരിച്ചുവെന്നോ വിവാഹബന്ധം വേർപ്പെടുത്തിയെന്നോ അടക്കമുള്ള വ്യത്യസ്ത കഥകൾ ഇവർ പലരോടും പറഞ്ഞിരുന്നതായും നാട്ടുകാർ പറയുന്നു. 
ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നുവെന്ന സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ജോബ് സക്കറിയയ്‌ക്കെതിരേ ഷേർളി മുൻപ് പോലീസിൽ പരാതി നൽകിയിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ തർക്കങ്ങളാണോ ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്ന് ഉൾപ്പെടെ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ഇരുവരുടേയും ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് നിഗമനം. ഷേർളിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്ത് മുറിഞ്ഞ നിലയിൽ യുവതിയെയും, സ്റ്റെയർകേസിൽ യുവാവിനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി സാജു വർഗീസ് അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വീട് പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.