Responsive Ad

ഓൺലൈൻ ട്രേഡിങ് തട്ടിപ്പിനിരയായ വയോധികൻ ജീവനോടെ


കോട്ടയം : ഓൺലൈൻ ട്രേഡിങ് തട്ടിപ്പിന് ഇരയായി മൂന്ന് കോടി രൂപ നഷ്ടമായ റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥൻ ജീവനൊടുക്കി. 
കോട്ടയം പാലൂര്‍പടി മേക്കാട്ട് മന രാജന്‍ നമ്പൂതിരി(65)യാണ് ജീവനൊടുക്കിയത്. രാജൻ നമ്പൂതിരിയുടെ മൃതദേഹം തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു.  ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്ന് കരുതുന്നു. 
ഒന്നര വര്‍ഷമായി മകള്‍ക്കൊപ്പമായിരുന്നു താമസം. യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡ് എന്ന വ്യാജ ട്രേഡിംഗ് ആപ്പില്‍പ്പെട്ടാണ് രാജന്‍ നമ്പൂതിരിക്ക് പണം നഷ്ടമായത്. ഈ വ്യാജ ട്രേഡിങ് ആപ്പ് ചതിയിൽ ഇദ്ദേഹത്തിന് നഷ്ടമായത് മൂന്ന് കോടി രൂപയാണ്.
 ഒരു വര്‍ഷം മുന്‍പായിരുന്നു സംഭവം. ട്രേഡിംഗിനായി നിക്ഷേപിച്ച തുക തിരിച്ചുനല്‍കാതെ പണം കൂടുതല്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്നാഴ്ച്ചയ്ക്കുളളില്‍ മൂന്നുകോടി രൂപയാണ് വ്യാജ ആപ്പ് ഉപയോഗിച്ച് തട്ടിപ്പു സംഘം കൈക്കലാക്കിയത്. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ രാജന്‍ നമ്പൂതിരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്.
സമ്പാദ്യം നഷ്ടപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത വന്നതോടെ  മനോവിഷമത്തിലായിരുന്നു രാജന്‍ നമ്പൂതിരി. ഓഹരി വിപണിയിൽ താല്‍പ്പര്യമുണ്ടായിരുന്ന രാജന്‍ നമ്പൂതിരി മറ്റ് പല ഓണ്‍ലൈന്‍ ട്രേഡിങ്ങുകളും ചെയ്യുന്നുണ്ടായിരുന്നു. 

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍