നഴ്സിങ് വിദ്യാർഥി മരിച്ച നിലയിൽ
പത്തനംതിട്ട : തിരുവല്ല കുറ്റൂരിൽ നഴ്‌സിംഗ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ സ്വദേശിയായ ആരോൺ അനിൽ ജോസ് (20) ആണ് മരിച്ചത്. ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
തമിഴ്‌നാട്ടിലെ ഒരു നഴ്‌സിംഗ് കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്നു ആരോൺ. ഇന്നലെ രാത്രി ഒൻപതുമണിയോടെയാണ് സംഭവം നടന്നത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോൺ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന ഇയാളുടെ ഫോൺ രണ്ടുദിവസം മുൻപ് കേടായതിനെ തുടർന്ന് വലിയ മനോവിഷമത്തിലായിരുന്നുവെന്നും, ഇതാണ് സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാനഡയിലുള്ള മാതാവ് നാട്ടിലെത്തിയതിന് ശേഷം സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
(ജീവിതത്തിലെ പ്രതിസന്ധികൾക്ക് ആത്മഹത്യ പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങൾ നേരിടാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം. 24 മണിക്കൂർ ഹെൽപ്‌ലൈൻ നമ്പർ 1056-ൽ വിളിച്ച് ആശങ്കകൾ പങ്കുവെയ്ക്കാം)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍