ഗുരുവായൂർ: റെസ്റ്റ് ഹൗസുകളുടെ പേരില്‍ വെബ്‌സൈറ്റുകള്‍ നിർമിച്ച് പണം തട്ടിയ ഹരിയാന സ്വദേശി പിടിയിൽ
ഗുരുവായൂര്‍ : ക്ഷേത്ര ദര്‍ശനത്തിനായി എത്തുന്ന ഭക്തരെ കബളിപ്പിക്കാന്‍ ക്ഷേത്ര റെസ്റ്റ് ഹൗസുകളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഹരിയാന സ്വദേശിയായ യുവാവിനെ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മേവാത്ത് സ്വദേശി മുഹമ്മദ് ഷാന്‍ (24) എന്ന പ്രതിയെ ഉത്തര്‍പ്രദേശിലെ ഡന്‍കോറില്‍ നിന്നാണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള 'പാഞ്ചജന്യം', 'കൗസ്തുഭം' എന്നീ റെസ്റ്റ് ഹൗസുകളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് താമസ സൗകര്യം ബുക്ക് ചെയ്യാനെത്തുന്ന ഭക്തരില്‍ നിന്ന് ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിനിടെ വ്യാജ വെബ്‌സൈറ്റ് നിര്‍മാണത്തിന് ഉപയോഗിച്ച ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയും മറ്റ് ഡിജിറ്റല്‍ തെളിവുകളും പൊലീസ് പിടിച്ചെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലില്‍, ഗുരുവായൂര്‍ മാത്രമല്ല, രാജ്യത്തെ വിവിധ പ്രസിദ്ധ ക്ഷേത്രങ്ങളുടെ സമീപത്തെ റെസ്റ്റ് ഹൗസുകളുടെ പേരിലും നിരവധി വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. പ്രതിയുടെ കൂട്ടാളികളായി രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ചിലരുണ്ടെന്നും ഇവരെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
തട്ടിപ്പിനിരയാകുന്ന പലര്‍ക്കും നഷ്ടമാകുന്ന തുക ചെറിയതായതിനാല്‍ പലരും പരാതി നല്‍കാതിരുന്നത് പ്രതികള്‍ക്ക് അനുകൂലമായി മാറുകയായിരുന്നു. എന്നാല്‍ തട്ടിപ്പിന് ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍, വെറും 15 ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചെറിയ തുകകളായി 97 ലക്ഷം രൂപ അക്കൗണ്ടിലെത്തിയതായി കണ്ടെത്തി. സമഗ്ര പരിശോധന പൂര്‍ത്തിയാകുമ്പോള്‍ കോടികളോളം രൂപ തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍