ഖാംനഇയുടെ എക്സിൽ പുതിയ പോസ്റ്റ്
ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനു ശേഷം, അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പുതിയ പോസ്റ്റ്. വ്യാഴാഴ്ച രാത്രി 8:36-ഓടെയാണ് ഖാംനഈയുടെ ഔദ്യോഗിക 'എക്‌സ്' അക്കൗണ്ടില്‍ പോസ്റ്റ് വന്നത്.
ഇസ്രാഈലിനെതിരെ കനത്ത തിരിച്ചടി നല്‍കുമെന്ന സൂചനയാണ് പോസ്റ്റിലുള്ളത്. മിസൈലുകളുടെ നിര്‍മ്മാണവും വിക്ഷേപണവും ചിത്രീകരിക്കുന്ന പശ്ചാത്തലത്തിലുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്.
'സയണിസ്റ്റ് ഭരണകൂടം വലിയൊരു തെറ്റാണ് ചെയ്തിരിക്കുന്നത്. ദൈവനിശ്ചയത്താല്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ ആ ഭരണകൂടത്തെ നിരാശയിലാക്കും.' എന്നാണ് പോസ്റ്റില്‍ പറയുന്നത്.
മിസൈലുകള്‍ വിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്ന സൈന്യവും, ലക്ഷ്യസ്ഥാനത്ത് മിസൈലുകള്‍ പതിക്കുന്ന ദൃശ്യങ്ങളും, പാറിപ്പറക്കുന്ന ഇറാന്‍ പതാകയുമാണ് ചിത്രത്തിലുള്ളത്. ഖാംനഈയുടെ വധത്തിന് പ്രതികാരമായി ഇറാന്‍ വലിയൊരു ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന മുന്നറിയിപ്പാണ് ഈ പോസ്റ്റിലൂടെ നല്‍കുന്നത്.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍