വിഷു ആഘോഷം ദുരന്തമായതിന്റെ ഞെട്ടലിൽ കൊയിലാണ്ടി
കോഴിക്കോട്: വിഷുദിനത്തില്‍ ഉണ്ടായ അപ്രതീക്ഷിത ദുരന്തവാര്‍ത്തയുടെ ആഘാതത്തിലാണ് കൊയിലാണ്ടിക്കാര്‍. വിഷു ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചപ്പോള്‍ പരിക്കേറ്റ കൗമാരക്കാരന്‍ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.
ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് അദ്വൈത്. കൂട്ടുകാര്‍ക്കൊപ്പം വിഷു ആഘോഷിക്കാന്‍ വാങ്ങിയ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വലിയ ഗുണ്ട് പൊട്ടിക്കുന്നതിനിടെയാണ് കയ്യിലിരുന്ന് ഗുണ്ട് പൊട്ടിയത്. സ്റ്റീല്‍ പാത്രത്തിന് അകത്ത് വെച്ചാണ് പടക്കം പൊട്ടിച്ചത്. സ്റ്റീല്‍ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തില്‍ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. കക്ഷത്തില്‍ തുളച്ചു കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഞരമ്പ് പൊട്ടുകയും രക്തസ്രാവം സംഭവിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചത്. ഇതാണ് ദുരന്തമുണ്ടാക്കിയത്. വിഷുദിനത്തിലുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണ് നാട്ടുകാരും. പ്രദേശത്തെ കലാപരിപാടികളില്‍ അടക്കം സജീവമായിരുന്ന വ്യക്തിയ്യിരുന്നു അദ്വൈത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചരിക്കയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍