Responsive Ad

അസാധാരണ എസ്ഐ നിയമനങ്ങളിൽ ഒന്ന് പാളി

അന്താരാഷ്ട്ര ശരീരസൗന്ദര്യമത്സര വിജയികളെ സംസ്ഥാന പോലീസിൽ ഇൻസ്‌പെക്ടർമാരായി നിയമിക്കാനുള്ള സർക്കാർ നീക്കം വീണ്ടും തിരിച്ചടി. മെഡിക്കൽ പരിശോധനയിൽ ഒരാൾ പരാജയപ്പെട്ടതോടെയാണിത്. ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻ ചിത്തരേഷ് നടേശൻ, ഷിനു ചൊവ്വ എന്നിവരെ ഇൻസ്‌പെക്ടർ റാങ്കിൽ നിയമിക്കാനായിരുന്നു സർക്കാർ തീരുമാനം. ഇതിൽ ചിത്തരേഷ് നടേശനാണ് മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ അയോഗ്യനായത്.

പരിശീലനത്തിന് മുന്നോടിയായി നടത്തിയ വൈദ്യപരിശോധനയിൽ ചിത്തരേഷിന് പരന്ന പാദം (Flat Foot) ഉള്ളതായി മെഡിക്കൽ ബോർഡ് കണ്ടെത്തി. പോലീസ് സേനയിലെ നിയമനത്തിന് ഇത് വലിയൊരു ശാരീരിക അയോഗ്യതയായാണ് കണക്കാക്കുന്നത്. അതേസമയം, മറ്റൊരു താരമായ ഷിനു ചൊവ്വ വൈദ്യപരിശോധനയിൽ വിജയിച്ചു.

ഈ നിയമനം തുടക്കം മുതൽക്കേ വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ചിരുന്നു. നേരത്തെ നടത്തിയ കായികക്ഷമതാ പരിശോധനയിൽ ഇരുവരും പരാജയപ്പെട്ടിരുന്നു. എന്നാൽ, രാജ്യാന്തര നേട്ടങ്ങൾ പരിഗണിച്ച് ഇവർക്കായി കായികക്ഷമതാ പരീക്ഷ സർക്കാർ ഒഴിവാക്കി നൽകുകയായിരുന്നു. സാധാരണഗതിയിൽ ഒളിമ്പിക്സ്, ദേശീയ ഗെയിംസ് എന്നിവയിൽ മെഡൽ നേടുന്നവർക്കാണ് സ്പോർട്സ് ക്വാട്ട നിയമനം നൽകാറുള്ളത്. ഈ പട്ടികയിൽ ഉൾപ്പെടാത്ത ശരീരസൗന്ദര്യമത്സര വിജയികളെ ഇൻസ്പെക്ടർ പദവിയിൽ നിയമിക്കാനുള്ള നീക്കം മറ്റ് ഉദ്യോഗാർഥികളുടെ പ്രതിഷേധത്തിന് കാരണമായി.

നിയമനത്തിനെതിരെ മറ്റ് ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചിരുന്നെങ്കിലും അത് മറികടന്നാണ് കഴിഞ്ഞ മാസം സർക്കാർ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. മെഡിക്കൽ പരിശോധനയിൽ ചിത്തരേഷ് പരാജയപ്പെട്ട വിവരം സംസ്ഥാന പോലീസ് മേധാവി ഉടൻ സർക്കാരിനെ അറിയിക്കും. കായികക്ഷമതാ പരീക്ഷയ്ക്ക് പിന്നാലെ വൈദ്യപരിശോധനയിലും തിരിച്ചടി നേരിട്ടത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇടത് അനുഭാവികളായ താരങ്ങളെ നിയമിക്കാൻ വഴിവിട്ട നീക്കങ്ങൾ നടത്തുന്നു എന്ന ആക്ഷേപം ഇതോടെ ശക്തമാകാൻ സാധ്യതയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍