ഇന്ത്യക്ക് എണ്ണ വാഗ്ദാനവുമായി ഇറാന്‍
ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കില്‍ എണ്ണ വാഗ്ദാനം നല്‍കി ഇറാന്‍. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 102 ഡോളര്‍ കടന്നതിന് പിന്നാലെയാണ് ഇറാന്റെ ഈ നീക്കം. നിലവിലെ സങ്കീര്‍ണ്ണമായ ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയെ ഒപ്പം നിര്‍ത്താനുള്ള ഇറാന്റെ ശക്തമായ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
ഇറാന്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുകയാണ്. ഇറാന്‍ തുറമുഖങ്ങളെ തൊട്ടാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെയും ഒമാന്‍ ഉള്‍ക്കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്‍ തിരിച്ചടിച്ചു. അതേസമയം ഹോര്‍മുസ് ഉപരോധിക്കാനുള്ള അമേരിക്കന്‍ നീക്കത്തില്‍ തങ്ങള്‍ പങ്കാളികളാകില്ലെന്ന് നാറ്റോ (NATO) സഖ്യരാജ്യങ്ങള്‍ പ്രഖ്യാപിച്ചതും ട്രംപിന് തിരിച്ചടിയായിട്ടുണ്ട്.
യുദ്ധസാഹചര്യത്തെ എതിര്‍ത്ത മാര്‍പാപ്പയ്‌ക്കെതിരെ ട്രംപ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ സത്യം തുറന്നുപറയാന്‍ തനിക്ക് ഭയമില്ലെന്നായിരുന്നു മാര്‍പാപ്പയുടെ മറുപടി.
മുന്‍പ് ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളില്‍ ഒന്നായിരുന്നു ഇന്ത്യ. എന്നാല്‍ 2019-ല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്ന് ഇന്ത്യ ഇറക്കുമതി നിര്‍ത്തിവെക്കുകയായിരുന്നു. നിലവില്‍ എണ്ണവില വര്‍ധനവ് രാജ്യത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ ഇറാന്റെ വാഗ്ദാനം ഇന്ത്യ എങ്ങനെ സ്വീകരിക്കുമെന്നത് ലോകം ഉറ്റുനോക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍