Responsive Ad

ഗാർഡ് ഓഫ് ഓണർ വേണ്ടെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം : ഔദ്യോഗിക സന്ദർശനവേളകളിൽ പോലീസ് തനിക്ക് നൽകിവരുന്ന പരമ്പരാഗത 'ഗാർഡ് ഓഫ് ഓണർ' (ബഹുമതി വന്ദനം) ഇനിമുതൽ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാന പോലീസ് മേധാവി റാവാഡ എ. ചന്ദ്രശേഖറെ നേരിൽ കണ്ടാണ് മുഖ്യമന്ത്രി ഈ നിലപാട് വ്യക്തമാക്കിയത്.
വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്കായി എത്തുമ്പോൾ ഗെസ്റ്റ് ഹൗസുകൾക്ക് മുന്നിലും മറ്റും പോലീസ് ഉദ്യോഗസ്ഥർ നിരന്നുനിന്ന് സല്യൂട്ട് നൽകി സ്വീകരിക്കുന്ന ചടങ്ങാണ് ഇതോടെ ഒഴിവാകുന്നത്. നിലവിൽ പോലീസ് സേനയിൽ കടുത്ത ഉദ്യോഗസ്ഥ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, ഇത്തരം ആചാരപരമായ ചടങ്ങുകൾക്കായി പോലീസുകാരുടെ സമയം കളയേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.
സുരക്ഷാ ക്രമീകരണങ്ങളിൽ നേരത്തെയും മുഖ്യമന്ത്രി ലളിതവൽക്കരണം വരുത്തിയിരുന്നു. തന്റെ യാത്രാ വേളകളിൽ വലിയ വാഹനവ്യൂഹം ഒഴിവാക്കണമെന്നും, അകമ്പടിയായി പൈലറ്റും എസ്കോർട്ടും മാത്രം മതിയെന്നും അദ്ദേഹം ഡി.ജി.പിക്ക് കർശന നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗാർഡ് ഓഫ് ഓണറും അദ്ദേഹം വേണ്ടെന്നുവെച്ചിരിക്കുന്നത്. അടിക്കടിയുള്ള വി.ഐ.പി സുരക്ഷാ ഡ്യൂട്ടികൾ പോലീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ ഈ നടപടി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍