Responsive Ad

മരുമകൻ്റെ അധിക്ഷേപത്തിനു പിന്നാലെ മരണം

കോഴിക്കോട് : താമരശ്ശേരിയിൽ വിമുക്തഭടൻ ഗോപാലൻ (75) കുഴഞ്ഞുവീണ് മരിച്ചതിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മരുമകൻ അധിക്ഷേപിച്ച് വിട്ടതിന് പിന്നാലെയാണ് ഗോപാലൻ കുഴഞ്ഞുവീണതെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. ഗോപാലൻ മരിച്ച സമയം തന്നെ ഗോപാലന്റെ സുഹൃത്തുക്കൾ ഈ പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ താമരശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് കേസിൽ വഴിത്തിരിവായി സിസിടിവി ദൃശ്യങ്ങൾ പുറത്തുവരുന്നത്. ദൃശ്യങ്ങൾ പ്രകാരം ഗോപാലൻ താമരശ്ശേരി പഴയ ബസ് സ്റ്റാന്റിന് സമീപത്തുള്ള ഇവരുടെ മകൾ ദിവ്യയുടെ ബ്യൂട്ടിപാർലറിൽ എത്തുന്നു. കൊച്ചുമക്കൾ വളരെ കാര്യത്തോടുകൂടി ഗോപാലനെ സ്വീകരിക്കുന്നത് കാണാം. തുടർന്നാണ് മരുമകൻ വിനീഷ് ഇറങ്ങി വരികയും ഗോപാലനെ അസഭ്യം പറയുകയും അവിടെനിന്ന് ഇറക്കിവിടുകയും ചെയ്യുന്നത്.
തുടർന്ന് വിനീഷ് ദിവ്യയെ സ്റ്റെയർകേസിന് സമീപം കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിനീഷ് ദിവ്യയെ നിരന്തരമായി മർദിക്കുമായിരുന്നു. കൂടാതെ ദിവ്യയുടെ സ്കൂട്ടർ വിനീഷ് പെട്രോളൊഴിച്ച് കത്തിക്കാനും ശ്രമിച്ചിരുന്നു. പൊലീസിൽ ഇത് പരാതി നൽകിയപ്പോൾ നടപടിയുണ്ടായില്ലെന്ന് ദിവ്യ ആരോപിക്കുന്നുണ്ട്. ഇതിൽ ഗോപാലന് വളരെയധികം മനോവിഷമം ഉണ്ടായിരുന്നു.
ഗോപാലന്റെ മരണത്തിനുശേഷം ഇന്നാണ് ദിവ്യ ബിൽഡിങ്ങിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുന്നത്. ബ്യൂട്ടിപാർലറിൽ നിന്നും അൻപത് മീറ്റർ മാത്രം അകലെയാണ് പൊലീസ് സ്റ്റേഷൻ. എന്നിട്ടുപോലും പൊലീസ് തന്റെ മൊഴിയെടുക്കാൻ എത്തുകയോ തന്റെ പരാതിയിൽ കഴമ്പുണ്ടോ എന്ന് അന്വേഷിക്കുക പോലും ചെയ്തില്ല എന്ന് ദിവ്യ വ്യക്തമാകുന്നു. കുടുംബപ്രശ്നങ്ങളെത്തുടർന്നാണ് വിനീഷ് ദിവ്യയെ ക്രൂരമായി മർദിച്ചിരുന്നത്. ഇതിൽ വളരെയധികം മനോവിഷമം അനുഭവിച്ചതായി ഗോപാലൻ തന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത്രയായിട്ടും സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല എന്നാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍