യുഎസ് ആക്രമണം: കാണാതായ മൂന്ന് നാവികർ കൊല്ലപ്പെട്ടു
ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ യു.എസ് ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. അക്രമണത്തിനിരയായ 'എം.ടി സെറ്റെബെല്ലോ' എന്ന കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരുടെ മരണമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ നേരത്തെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശിലെ ഡിയോറിയ, ആന്ധ്രാപ്രദേശ് സ്വദേശികളായ നാവികരാണ് കൊല്ലപ്പെട്ടതെന്ന് ഫോർവേഡ് സീമാൻ യൂണിയൻ ഓഫ് ഇന്ത്യ (FSUI) ജനറൽ സെക്രട്ടറി മനോജ് യാദവ് വ്യക്തമാക്കി.
പലാവു പതാകയേന്തിയ എം.ടി സെറ്റെബെല്ലോ ഒമാൻ ഉൾക്കടലിലൂടെ കടന്നുപോകുന്നതിനിടയിലാണ് അമേരിക്കൻ സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായത്. യു.എസ് സൈന്യം ലക്ഷ്യമിട്ട മറ്റ് കപ്പലുകളെപ്പോലെയല്ല, സെറ്റെബെല്ലോ അമേരിക്കയുടെ ഉപരോധ ബ്ലാക്ക്ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന കപ്പലല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കപ്പലുമായുള്ള എല്ലാ ആശയവിനിമയ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്നും, അതിനാൽ വിവരങ്ങൾ സ്വതന്ത്രമായി പരിശോധിക്കുന്നത് നിലവിൽ ബുദ്ധിമുട്ടാണെന്നും മനോജ് യാദവ് അറിയിച്ചു. അതേസമയം, കപ്പലിലുള്ള ജീവനക്കാരുടെ ദേശീയതയെക്കുറിച്ച് യു.എസ് നാവികസേനയ്ക്ക് കൃത്യമായ വിവരമുണ്ടായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തങ്ങളുടെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കപ്പൽ കസ്റ്റഡിയിലെടുക്കാനുള്ള വഴി സ്വീകരിക്കുന്നതിന് പകരം നേരിട്ട് ആക്രമണം നടത്തുകയാണ് അമേരിക്ക ചെയ്തതെന്നും മനോജ് യാദവ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍