മരുഭൂമിയിൽ കുടുങ്ങിയ 49 പേർ വെള്ളം കിട്ടാതെ മരിച്ചു
സഹാറ മരുഭൂമിയിൽ ലോറി തകരാറിലായതിനെ തുടർന്ന് കുടുങ്ങിയ 49 പേർ വെള്ളം കിട്ടാതെ മരിച്ചു. ആഫ്രിക്കൻ രാജ്യമായ നൈജറിലാണ് സംഭവം. അയൽരാഷ്ട്രമായ മാലിയിൽ ബലിപെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം മടങ്ങിയവരാണ് ദാരുണമായി മരിച്ചത്.
നൈജർ-അൾജീരിയ അതിർത്തിയിലെ പ്രധാന ക്രോസിംഗ് പോയിന്റായ അസാമകയിൽ നിന്ന് 80 കിലോമീറ്ററോളം അകലെ വെച്ചാണ് ഇവർ സഞ്ചരിച്ച വാഹനം കേടായത്. സംഘത്തിലുണ്ടായിരുന്നവരിൽ രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. ഇവർ കടുത്ത ചൂടിൽ മരുഭൂമിയിലൂടെ നടന്ന് അസാമകയിൽ എത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
മാലിയിലെ ടെൽഹാൻഡെക്കിൽ നിന്ന് യാത്ര തിരിച്ച ലോറിക്ക് വഴിതെറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. യാത്രയ്ക്കിടെ വാഹനം തകരാറിലാവുകയും, ദിവസങ്ങളോളം പരിശ്രമിച്ചിട്ടും അത് നന്നാക്കാൻ കഴിയാതെ വരികയും ചെയ്തു. കൊടും ചൂടിൽ കുടിവെള്ളം കൂടി തീർന്നതോടെ പലരും ലോറിക്കടിയിലും പരിസരങ്ങളിലുമായി മരിച്ചു വീഴുകയായിരുന്നു.
മരിച്ചവരെല്ലാം നൈജർ പൗരന്മാരാണ്. ഇവരെ രക്ഷാപ്രവർത്തകർ പ്രദേശത്ത് തന്നെ കൂട്ടശവക്കുഴിയിൽ സംസ്കരിച്ചതായി അധികൃതർ വ്യക്തമാക്കി.
അതേസമയം, സംഭവസ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്ന രക്ഷാപ്രവർത്തകർ, ബാറ്ററി തകരാറിലായതിനെ തുടർന്ന് മൂന്ന് ദിവസമായി മരുഭൂമിയിൽ കുടുങ്ങിയ മറ്റൊരു ലോറിയും കണ്ടെത്തി. മാലിയിലെ ഹറൂബയിൽ നിന്ന് തിരിച്ച ഈ വാഹനത്തിൽ അറുപതോളം പേരുണ്ടായിരുന്നു. ഇവർക്ക് അടിയന്തരമായി കുടിവെള്ളം നൽകുകയും വാഹനം നന്നാക്കാൻ സഹായിക്കുകയും ചെയ്തതോടെ മറ്റൊരു വൻ ദുരന്തം ഒഴിവായി.
പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവർ പ്രധാനമായും ആശ്രയിക്കുന്ന അപകടം പിടിച്ച പാതയാണിത്. അതുകൊണ്ടു തന്നെ ഇത്തരം ദുരന്തങ്ങൾ ഇവിടെ പതിവാണെന്ന് പ്രാദേശിക സന്നദ്ധ സംഘടനകൾ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍