ട്രെയിനിലെ എസി കമ്പാർട്ടുമെൻ്റിൽ പൂജ; പ്രതിഷേധം
ഓടിക്കൊണ്ടിരുന്ന എസി ട്രെയിനിലെ കംപാർട്ട്മെന്റിൽ എണ്ണയൊഴിച്ച് തിരി കത്തിച്ച നിലവിളക്കും ചന്ദനത്തിരിയും ഉപയോഗിച്ച് പൂജ നടത്തിയ യാത്രക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മറ്റ് യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയ സംഭവത്തിൽ ബന്ധപ്പെട്ടയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
വീഡിയോയിൽ കംപാർട്ട്മെന്റിലെ മുകളിലെ സൈഡ് ബർത്തിൽ കാലുമടക്കി ഇരിക്കുന്ന ഒരാൾ മുന്നിൽ നിലവിളക്കും ചന്ദനത്തിരിയും കത്തിച്ചുവെച്ച് പൂജ നടത്തുന്നതാണ് കാണുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട സഹയാത്രികൻ ട്രെയിനിനുള്ളിൽ തീ കത്തിക്കുന്നത് അപകടകരമാണെന്നും ചന്ദനത്തിരിയുടെ പുക ഫയർ അലാറം പ്രവർത്തിപ്പിക്കാനിടയുണ്ടെന്നും പലതവണ മുന്നറിയിപ്പ് നൽകുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ച് ഇയാൾ പൂജ തുടരുന്നതായും വീഡിയോയിൽ കാണാം.
'ഝാർഖണ്ഡ് റെയിൽ യൂസേഴ്‌സ്' എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. എന്നാൽ സംഭവം നടന്ന ട്രെയിൻ ഏതാണെന്നോ എപ്പോൾ നടന്നതാണെന്നോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിഷയത്തിൽ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക പ്രതികരണവും ഇതുവരെ പുറത്തുവന്നിട്ടില്ല.
വീഡിയോ വൈറലായതോടെ നിരവധി സമൂഹമാധ്യമ ഉപയോക്താക്കൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി. തീപിടിത്തത്തിന് കാരണമാകാവുന്ന വസ്തുക്കളുമായി യാത്ര ചെയ്യുന്നതിനെതിരെ കർശന നിയമനടപടികൾ ഉണ്ടെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകുമ്പോൾ, ട്രെയിനിനുള്ളിൽ തുറന്ന തീ ഉപയോഗിച്ച സംഭവത്തിൽ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് പലരും ചോദിച്ചു.
മതവിശ്വാസങ്ങളെ ബഹുമാനിക്കുമ്പോഴും പൊതുഗതാഗത സംവിധാനങ്ങളിൽ മറ്റ് യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടി വേണമെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന പ്രതികരണങ്ങൾ. ഏതാനും മണിക്കൂറുകൾക്കകം തന്നെ വീഡിയോ ലക്ഷക്കണക്കിന് ആളുകൾ കണ്ടതായും റിപ്പോർട്ടുകളുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍