യുവതിയെയും കുഞ്ഞിനെയും കാണാതായി
കോഴിക്കോട് : ബാലുശ്ശേരിയിൽ നിന്ന് ഇരുപത്തെട്ടുകാരിയായ യുവതിയെയും ഏഴ് വയസ്സുള്ള മകനെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ബാലുശ്ശേരി കിനാലൂർ സ്വദേശിയായ ഷഹല ഷെറിൻ, മകൻ മുഹമ്മദ് ഐമൻ എന്നിവരെ ഈ മാസം 16 മുതലാണ് കാണാതായത്. അടിവാരം തമ്പിബെലുങ്ങൽ സ്വദേശികളായ അഷറഫ്, രത്ന ദമ്പതികളുടെ മകളാണ് 28-കാരിയായ ഷഹല. എട്ടു വർഷം മുമ്പായിരുന്നു ഷഹലയുടെയും ജൈസലിന്റെയും വിവാഹം. പ്രവാസിയായ ജൈസൽ വിദേശത്തായിരുന്ന സമയത്താണ് ഭാര്യയെയും മകനെയും കാണാതാകുന്നത്. വിവരമറിഞ്ഞ് ഇന്നലെയാണ് ഇദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്.
വീട്ടിൽ നിന്ന് 13 പവൻ സ്വർണാഭരണങ്ങളും ആവശ്യമായ വസ്ത്രങ്ങളും എടുത്ത ശേഷമാണ് ഷഹല മകനുമായി ഇറങ്ങിയിട്ടുള്ളത്. അതിനുശേഷം ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവർ എങ്ങോട്ടാണ് പോയതെന്നതിനെക്കുറിച്ചോ പെട്ടെന്നുണ്ടായ ഈ കാണാതാവലിന് പിന്നിലെ കാരണങ്ങളെക്കുറിച്ചോ കുടുംബത്തിന് നിലവിൽ വിവരമൊന്നുമില്ല. സംഭവത്തിന് പിന്നാലെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും തുടരന്വേഷണത്തിനായി ഇന്നലെ കോഴിക്കോട് റൂറൽ എസ്‌പിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. കാണാതായി ഒരാഴ്ച കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്ത പശ്ചാത്തലത്തിൽ, കാര്യക്ഷമമായ അന്വേഷണത്തിലൂടെ അമ്മയെയും മകനെയും എത്രയും വേഗം കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍