പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഉദ്യോഗസ്ഥരെ സ്റ്റേഷൻ ചുമതലയിൽനിന്ന് മാറ്റാനാണ് തീരുമാനം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.
പ്രതികൾ ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് പൊലീസ് ഒരുക്കിയ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തത്. ഊഞ്ഞാലാടുകയും ചെണ്ടകൊട്ടുകയും ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ പ്രതികൾ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒപ്പിട്ട ശേഷം പ്രതികളെ ഉടൻ സ്റ്റേഷനിൽനിന്ന് മാറ്റേണ്ടിയിരുന്നെങ്കിലും കൂടുതൽ സമയം അവിടെ തുടരാൻ അനുവദിച്ചതാണ് പ്രധാന വീഴ്ചയായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
പ്രതികളെ സ്റ്റേഷനിൽനിന്ന് നീക്കം ചെയ്യാനോ പറഞ്ഞയക്കാനോ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്നും റിപ്പോർട്ടിലുണ്ട്. സംഭവസമയത്ത് എസ്എച്ച്ഒ സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. ജിഡി ചാർജിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും കാവൽ ചുമതലയുണ്ടായിരുന്നവർക്കുമാണ് പ്രധാനമായും വീഴ്ച സംഭവിച്ചതെന്നാണ് കണ്ടെത്തൽ.
കമ്മീഷണറുടെ റിപ്പോർട്ട് ദക്ഷിണ മേഖല ഐജി പരിശോധിച്ചുവരികയാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.
അതേസമയം, പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മ്യൂസിയം പൊലീസ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയേക്കും. പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്തതും ദൃശ്യങ്ങൾ ചിത്രീകരിച്ചതും ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍