Responsive Ad

വിസർജ്ജനം വിദ്യാർഥികളെക്കൊണ്ട് വൃത്തിയാക്കിച്ചതായി പരാതി

മദ്യലഹരിയിലെത്തി സ്കൂൾ വളപ്പിൽ മലമൂത്ര വിസർജനം നടത്തുകയും അത് വിദ്യാർഥികളെക്കൊണ്ട് വൃത്തിയാക്കിക്കുകയും ചെയ്തതായി ഹെഡ്മാസ്റ്റർക്കെതിരെ ഗുരുതര ആരോപണം. മധ്യപ്രദേശിലെ മൈഹർ ജില്ലയിലെ അമൂർ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ കൊൽ എന്ന അധ്യാപകനെതിരെയാണ് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയത്.

ഹെഡ്മാസ്റ്റർ പതിവായി മദ്യപിച്ചാണ് സ്കൂളിലെത്തുന്നതെന്നും സ്കൂളിനുള്ളിൽ മലമൂത്ര വിസർജനം നടത്തിയ ശേഷം കുട്ടികളെക്കൊണ്ട് അത് വൃത്തിയാക്കിക്കാറുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു. ഗുട്ക കഴിച്ച് സ്കൂൾ പരിസരത്ത് എല്ലായിടത്തും തുപ്പുന്നതായും കുട്ടികൾ പറഞ്ഞു.

മൂന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയെക്കൊണ്ട് മലമൂത്ര വിസർജനം വൃത്തിയാക്കിച്ചെന്നും അധ്യാപകൻ അസഭ്യം പറഞ്ഞെന്നും കുട്ടി ആരോപിച്ചു. അധ്യാപകന്റെ പെരുമാറ്റം കാരണം കൃത്യമായ ക്ലാസുകൾ നടക്കുന്നില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.

ഹെഡ്മാസ്റ്റർ വൈകിയാണ് സ്കൂളിലെത്തുന്നതെന്നും ചില ദിവസങ്ങളിൽ ഉച്ചയോടെയാണ് എത്തുന്നതെന്നും രക്ഷിതാക്കൾ ആരോപിച്ചു. അധ്യാപകന്റെ അഭാവം കാരണം കുട്ടികൾക്ക് മതിയായ പഠനവും മേൽനോട്ടവും ലഭിക്കുന്നില്ലെന്നും ഉച്ചഭക്ഷണ വിതരണവും താറുമാറായെന്നും പരാതിയുണ്ട്.

സ്കൂൾ സന്ദർശിച്ച മാധ്യമപ്രവർത്തകർ ഹെഡ്മാസ്റ്റർ ടാബ്ലറ്റിൽ യൂട്യൂബ് വീഡിയോകൾ കാണുന്നതായി കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. 

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസർ രാജേഷ് ദ്വിവേദി നടപടി ആരംഭിച്ചു. ക്ലസ്റ്റർ പ്രിൻസിപ്പൽ മുഖേന ഹെഡ്മാസ്റ്റർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും അദ്ദേഹത്തെ സസ്പെൻഡ് ചെയ്യണമെന്ന് ശുപാർശ ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് റിപ്പോർട്ട് അയച്ചതായും ബി.ഇ.ഒ അറിയിച്ചു 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍