അത്താണി നാടിന് കാരുണ്യവും സാഹോദര്യവും പകരുന്നു: ഡോ.വർഗീസ് ചക്കാലക്കൽ
നരിക്കുനി : മനുഷ്യന്റെ കാരുണ്യവും ദൈവത്തിന്റെ സ്നേഹവും അശരണരിലേക്ക് എത്തിക്കുന്ന മഹത് കർമമാണ് അത്താണി നിർവഹിക്കുന്നതെന്ന് കോഴിക്കോട് ആർച്ച് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ പറഞ്ഞു. അത്താണി വാർഷിക സമ്മേളനത്തിൻ്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം മനുഷ്യരും സ്നേഹത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു എന്ന് ഉറപ്പു വരുത്തണം. എല്ലാ വ്യത്യസ്തതകളെയും ഒന്നിപ്പിക്കുന്നതാണ് ഇന്ത്യയെന്ന ആശയമെന്ന് അദ്ദേഹം പറഞ്ഞു. ആരോരുമില്ലാത്തവർക്കു വേണ്ടി അത്താണിയുടെ പ്രവർത്തകർ നടത്തുന്ന സേവനങ്ങൾ നാടിനാകെ മാതൃകയാണന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ആത്മാർഥ സുഹൃത്തിനെ അവസാനമായി ഒരു നോക്കു കാണാൻ മാളയിലെ മസ്ജിദിൻ്റെ കബറിടത്തിൽ എത്തിയ വികാരനിർഭരമായ കഥയും ചക്കാലക്കൽ പിതാവ് സദസ്സിന് മുൻപാകെ പറഞ്ഞു.
സുലൈമാൻ കാരാടൻ അധ്യക്ഷത വഹിച്ചു. അത്താണി ഹാർമണി വില്ലേജിൽ നിർമിച്ച വീടുകളുടെ ഉദ്ഘാടനം ചടങ്ങിൽ നിർവഹിച്ചു. ഹാർമണി വില്ലേജിനു വേണ്ടിയുള്ള വിവിധ സഹായങ്ങൾ കൈമാറി. വി.ടി.സുരജ് എംഎൽഎ, ഡോ.ഹുസൈൻ മടവൂർ, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, സി.എച്ച്.അബ്ദുറഹീം, ചലച്ചിത്ര താരം സുരഭി ലക്ഷ്മി, എൻജിനീയർ അബുബക്കർ, വി.പി.അബ്ദുൽ ഖാദർ, എൻ.സുബ്രഹ്മണ്യൻ, ടി.പി.ജയചന്ദ്രൻ, നവാസ് പൂനൂർ, സലീം മടവൂർ, എ.പി.കുഞ്ഞാമു, എൻ.സി.ഉസ്സയിൻ, കെ.പി.എം.അബ്ദുറസാഖ് എന്നിവർ പ്രസംഗിച്ചു.
പ്രസംഗത്തിനിടെ സദസുമായി സംവദിക്കാനും പാട്ടുപാടാനും പിതാവ് മറന്നില്ല. അത്താണി പ്രവർത്തകർക്ക് ഏറെ ഊർജ്ജം പകരുന്നതായിരുന്നു വിശപ്പിൻറെ ഓരോ വാക്കുകളും.
അത്താണിക്ക് തന്റെ ഒരു സഹായവും കൈമാറിയാണ് ബിഷപ്പ് ചക്കാലക്കൽ പിതാവ് മടങ്ങിയത്.
ജീവസ്പർശം കുടുംബസംഗമം മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. വിഷാംശമുള്ള പച്ചക്കറികൾ കേരളത്തെ രോഗാതുരമാക്കുകയാമെന്ന് അദ്ദേഹം പറഞ്ഞു. 1258 പച്ചക്കറികൾ പരിശോധിച്ചതിൽ ഭൂരിഭാഗത്തിലും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രാസ വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട് സ്വന്തം നിലയിൽ പഴങ്ങളും പച്ചക്കറികളും നിർമിച്ച് ഇതിനു പരിഹാരം കാണണം. അത്താണിയെ ചേർത്തു പിടിക്കേണ്ടത് സമൂഹത്തിൻ്റെ ബാധ്യതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എലൈറ്റ് കുഞ്ഞുമോൻ്റെ സ്മരണയ്ക്കായി കുടുംബം സംഭാവന നൽകിയ ഹാർമണി വില്ലേജ് കുടിവെള്ള പദ്ധതി മന്ത്രി ടി.സിദ്ദിഖ് സമർപ്പിച്ചു.
വി.പി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻറ് സി. സുബൈർ, അസ്ലം ബാഖഫി പാറന്നൂർ, കൊയിലാട്ട് അബ്ദുറഹിമാൻ, ഡോ മുഹമ്മദ്കുട്ടി, പി.കോരപ്പൻ, കെ.കെ. മിഥിലേഷ്, ഒ.സുലൈമാൻ, പി.പി.മുഹ്സിൻ എന്നിവർ പ്രസംഗിച്ചു. ഡോ.അമീറലി, ഡോ.ജമീൽ ഷാജർ, ഡോ.എം.കെ.അബ്ദുൽ അസീസ് എന്നിവർ രോഗികളുമായി സംവദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്