മോചനത്തെ മുടക്കാനും മലയാളികൾ

 
സന : വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നു 
നിമിഷപ്രിയയുടെ മോചനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണവുമായി ചില മലയാളികൾ. മാപ്പ് നൽകുന്നതിന് എതിരെ യെമെൻകാർക്ക് ഇടയിൽ തീവ്ര വികാരം ഇളക്കിവിടുന്ന രീതിയിലാണു പ്രചാരണങ്ങൾ നടത്തുന്നത്.  കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനുതാഴെയും മോചനത്തിനെതിരെയുള്ള കമന്റുകൾ മലയാളികൾ മലയാളത്തിലും ഇംഗ്ലീഷിലും അറബിയിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ പോരാടണം... തുടങ്ങിയ കമന്റുകളാണ് സഹോദരൻ അബ്ദുൽ ഫത്താഹ് മെഹ്ദിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾക്ക് താഴെയുള്ളത്. നിന്റെ സഹോദരന്റെ രക്തം വിറ്റ് നീ പണം സന്പാദിക്കുന്നുവോ എന്നുവരെ ചോദിച്ചു പ്രകോപനം സൃഷ്ടിക്കുന്നവരും ഉണ്ട്. തലാലിന്റെ സഹോദരന് മനസ്സിലാകാൻവേണ്ടി അറബിയിലേക്ക് പരിഭാഷപ്പെടുത്തിയാണ് ചില കമന്റുകൾ  പോസ്റ്റു ചെയ്തിരിക്കുന്നത്. എന്നാൽ ഒട്ടേറെ മലയാളികളും അല്ലാത്തവരും നിമിഷ പ്രിയയുടെ മോചനത്തിനുവേണ്ടി മാപ്പ് നൽകണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നുമുണ്ട്. 
വധശിക്ഷ ഒഴിവാക്കാൻവേണ്ടി ഇടപെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരെയും യെമെനിലെ പണ്ഡിതൻ ഹബീബ് ഉമർബിൻ ഹാഫിളിനെയും അധേിക്ഷപിക്കുന്ന തരത്തിലുള്ള കമന്റുകളുമുണ്ട്. ഇത്തരം നീചമായ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ മാറിനിൽക്കണമെന്ന് അഭ്യർത്ഥനയാണ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിലിനുള്ളത്.

Post a Comment

0 Comments