ഈ കാട്ടുചെടിയിലും വിഎസിൻ്റെ നിത്യ സ്മരണകൾ പൂത്തു തളിർക്കും
തിരുവനന്തപുരം : മനുഷ്യനും പരിസ്ഥിതിക്കും വേണ്ടി എക്കാലവും നിലകൊണ്ട മുൻ മുഖ്യമന്ത്രിയും സിപിഎമ്മിൻ്റെ സമുന്നത നേതാവുമായിരുന്ന വി.എസ്.അച്യുതാനന്ദൻ്റെ
നിത്യസ്മരണയ്ക്കായി ഈ
കുഞ്ഞൻ കാട്ടുപൂച്ചെടിയും.
അപൂർവ ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ മതികെട്ടാൻ ചോലയിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ സന്ധിയില്ലാതെ പോരാടുകയും മൂന്നാർ ഉൾപ്പെടെ പശ്ചിമഘട്ടത്തിൻ്റെ പാരിസ്ഥിതിക നിലനിൽപ്പിനായി വ്യക്തമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത വിഎസിനോടുള്ള ആദരമായാണു അപൂർവ കാട്ടുചെടിക്ക് അദ്ദേഹത്തിന്റെ പേര് ചേർത്തിരിക്കുന്നത്.
2021ൽ മാത്രം സസ്യശാസ്ത്ര ഗവേഷകർ തിരിച്ചറിഞ്ഞ
കാശിത്തുമ്പയുടെ (ബാൾസം) കുടുംബത്തിൽ പെടുന്ന ചെടിക്കാണു 'ഇംപേഷ്യൻസ് അച്യുതാനന്ദനി' എന്ന പേര് നൽകിയിരിക്കുന്നത്.
ഇംപേഷ്യൻസ് എന്ന ഉപജനുസ്സിലെ യൂണിഫ്ലോറ എന്ന വിഭാഗത്തിൽ പെടുന്നതാണ് ഈ സസ്യം.
ഉഷ്ണമേഖലാ വനങ്ങളിലെ നദീതീരങ്ങളിൽ കാണപ്പെടുന്ന ചെടിയാണിത്. ഇംപേഷ്യൻസ് എന്നത് ലോകമെമ്പാടുമായി ആയിരത്തിൽ അധികം സ്പീഷീസുകളുള്ള ഒരു വലിയ ഇനമാണ്. പശ്ചിമഘട്ടത്തിൽ തന്നെ വിവിധയിനങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
പശ്ചിമഘട്ടത്തിന്റെ പ്രത്യേകിച്ച് മതികെട്ടാൻ ചോലയുടെ പരിസ്ഥിതി സംരക്ഷണത്തിനായി വിഎസ് നടത്തിയിട്ടുള്ള തീവ്രമായ പരിശ്രമങ്ങൾക്കുള്ള അംഗീകാരമായാണു ഗവേഷകർ അദ്ദേഹത്തിന്റെ പേര് നൽകിയത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിലെ സിന്ധു ആര്യ, ഡോ.വി.എസ്.അനിൽകുമാർ, പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്ലാൻ്റ് ജനറ്റിക് റിസോഴ്സ് വിഭാഗത്തിലെ എം.ജി.ഗോവിന്ദ്, പാലക്കാട് വിക്ടോറിയ കോളജിലെ ബോട്ടണി വിഭാഗത്തിലെ ഡോ. വി.സുരേഷ്, തിരുവനന്തപുരം റീജനൽ കാൻസർ സെൻ്ററിലെ ലബോറട്ടറി ഓഫ് ഇമ്മ്യൂണോഫാർമക്കോളജി ആൻഡ് എക്സ്പിരിമെൻ്റൽ തെറാപ്യൂട്ടിക്സിലെ ഡബ്ല്യൂ.കെ.വിഷ്ണു എന്നിവർ ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്.
രാഷ്ട്രീയ നേതാക്കൾക്ക് അത്യപൂർവമായി മാത്രമാണ് ഇത്തരം അംഗീകാരങ്ങൾ ലഭിക്കാറുള്ളത്. സാധാരണ അതത് മേഖലകളിലെ പ്രമുഖരായ ശാസ്ത്രജ്ഞരുടെയും കണ്ടെത്തലിനു കാരണക്കാരാകുന്ന ഗവേഷകരുടെയും പേരുകൾ നൽക്കുന്നതാണ് പതിവ്.
Post a Comment
0 Comments