ആശാഭവന്‍ കൈപിടിച്ചു; പുതുജീവിതത്തിലേക്ക് യാത്രതിരിച്ച് സെന്ത് റാം
കോഴിക്കോട് :
സാമൂഹികനീതി വകുപ്പിന്റെ വെള്ളിമാട്കുന്ന് ആശാഭവനില്‍ എട്ട് മാസത്തിലധികമായി ഉറ്റവരെ കാത്തിരിക്കുകയായിരുന്നു സെന്ത് റാം എന്ന ഉത്തര്‍പ്രദേശുകാരന്‍. വഴിയറിയാതെ, ഭാഷയറിയാതെ അതിര്‍ത്തി കടന്നെത്തിയ യുവാവിന്റെ ബന്ധുക്കളെ തേടിപ്പിടിച്ച് നാട്ടിലേക്ക് തിരിച്ചയച്ചതിന്റെ നിര്‍വൃതിയിലാണ് ഇപ്പോൾ ആശാഭവന്‍ അധികൃതര്‍.
ഭാര്യ ഉപേക്ഷിച്ച മനോവേദനയിലാണ് ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയിലെ മണിപ്പൂര്‍ ' ഗ്രാമവാസിയായ 35കാരന്‍ നാടുവിട്ടത്. എഴുത്തും വായനയുമറിയാത്ത സെന്ത് റാം ആദ്യം കാണുന്ന ട്രെയിനില്‍ കയറി ഡല്‍ഹിയിലെത്തി. മൂന്ന് മാസത്തോളം കൂലിപ്പണി ചെയ്ത തന്നെ അവിടെയുള്ളവര്‍ പണം നല്‍കാതെ പറ്റിച്ചെന്ന് സെന്ത് റാം പറയുന്നു. അവിടെനിന്ന് രക്ഷപ്പെട്ട് കയറിയ ട്രെയിനിനാണ് കോഴിക്കോട്ടെത്തിയത്. കേരളത്തിലെത്തുമ്പോഴേക്കും മാനസികനില താളം തെറ്റിയിരുന്നു. ആരോടും ഒന്നും സംസാരിക്കാതെ നിന്ന യുവാവിനെ റെയില്‍വേ പോലീസിന്റെ ഇടപെടലില്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടുത്തെ ചികിത്സ തുടരുന്നതിനിടയില്‍ കഴിഞ്ഞ ജനുവരിയിലാണ് ആശാഭവനിലേക്ക് മാറ്റിയത്. ആ മാറ്റമാണ് ജീവിതത്തില്‍ വെളിച്ചമായതും ബന്ധുക്കളോടൊപ്പം യാത്രതിരിക്കാനുള്ള വഴിത്തിരിവായതും.
രണ്ട് വര്‍ഷമായി അവനെ കാണാതായിട്ട്, ഒരുപാടുതവണ ഞങ്ങളവനെ തേടി നടന്നു. മറ്റെന്തെിങ്കിലും ചെയ്യാനുള്ള കഴിവൊന്നും ഞങ്ങള്‍ക്കില്ല. മരിച്ചെന്നു പോലും വിചാരിച്ചു, നിറകണ്ണുകളോടെ സെന്ത് റാമിന്റെ അച്ഛന്‍ ലക്ഷ്മണ്‍ റാവത്ത് പറഞ്ഞു. മരിച്ചെന്ന് കരുതി മരണാനന്തര ചടങ്ങുകള്‍ വരെ പൂര്‍ത്തിയാക്കിയ വീട്ടിലേക്ക് സെന്ത് റാം എത്തുമ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ കാത്തിരിക്കുന്നുണ്ടെന്ന് സഹോദരന്‍ കമലേഷ് റാവത്ത് പറഞ്ഞു.
സെന്ത് റാം ആശാഭവനില്‍ എത്തിയതുമുതല്‍ നാടേതാണെന്നും വീട് എവിടെയാണെന്നും ചോദിച്ചറിയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ആരോടും സംസാരിക്കാന്‍ തയാറായിരുന്നില്ല. സാമൂഹിക പ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ റിട്ട. ജീവനക്കാരനുമായ ശിവന്‍ കോട്ടൂളിയുടെ ഇടപെടലാണ് ബന്ധുക്കളെ കണ്ടെത്താന്‍ സഹായമായത്. നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയിലുള്ള ഉള്‍ഗ്രാമത്തിലാണ് വീടെന്ന് കണ്ടെത്താനായത്. മൊബൈല്‍ ഫോണ്‍ പോലും പരിചിതമല്ലാത്ത ഗ്രാമത്തിലേക്ക് സെന്ത് റാമിനെ തിരക്കി ഭരണ സംവിധാനങ്ങള്‍ കൈ കോര്‍ത്തതിന്റെ ഫലമായാണ് ഉത്തര്‍പ്രദേശിലെ കുടുംബാംഗങ്ങള്‍ അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയത്. അച്ഛനും സഹോദരങ്ങളും സെന്ത് റാമിനെ തിരികെ നല്‍കിയ ആശാ ഭവനോട് നന്ദിയും പറഞ്ഞു.
സെന്ത് റാമിന്റെ പുതുജീവിതത്തിലേക്കുള്ള യാത്രതിരിക്കല്‍ ആശാഭവനില്‍ ആഘോഷമാക്കി. സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംഗീതമേ ജീവിതം ഫൗണ്ടേഷന്‍ ഭാരവാഹികളും കൈ നിറയെ സമ്മാനവുമായാണ് എത്തിയത്. യാത്രയയപ്പിനുശേഷം സെന്ത് റാമും ബന്ധുക്കളും വൈകുന്നേരത്തെ ട്രെയിനിൽ ഉത്തര്‍പ്രദേശിലെ സ്വന്തം നാട്ടിലേക്ക് യാത്ര തിരിച്ചു.
Post a Comment
0 Comments