ചുരം ഗതാഗതം സുഗമമാക്കാന്‍ ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കണം: ജില്ലാ വികസന സമിതി
കോഴിക്കോട് : വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍ മൂലമുള്ള അപകടം ഇല്ലാതാക്കാനുള്ള ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. കനത്ത മഴയെത്തുടര്‍ന്നുള്ള നീരൊഴുക്കില്‍ താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളില്‍ രൂപപ്പെടുന്ന മണ്ണിടിച്ചില്‍ ഉത്ക്കണ്ഠ സൃഷ്ടിക്കുന്നതാണെന്ന് ജില്ല വികസന സമിതി പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി ബദല്‍ പാതകളുടെ സാധ്യത പരിശോധിക്കാന്‍ ടിപി രാമകൃഷ്ണന്‍ എം എല്‍ എ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ആനക്കാം പൊയില്‍- കള്ളാടി -മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള സര്‍ക്കര്‍ നടപടികളെ യോഗം അഭിനന്ദിച്ചു.
ചുരം വഴിയല്ലാതെ കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് നിര്‍മ്മാണത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു. ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി 1.5 കോടി രൂപ ചെലവഴിച്ച് റോഡിന്റെ സാധ്യതാ പഠനം പൂര്‍ത്തിയാക്കി വരുകയാണ്. വനത്തിലൂടെ കടന്നുപോകുന്ന റോഡിന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിപ്പെടുത്തണമെന്നും വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ജല്‍ ജീവന്‍ മിഷന്‍ പദ്ധതികളുടെ നിലവിലെ സ്ഥിതി യോഗം പരിശോധിച്ചു. പദ്ധതിക്കായി പൊളിച്ച റോഡുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിനോടും കേരള ജല അതോറിറ്റിയോടും നിര്‍ദ്ദേശിച്ചു. പൊതുവിദ്യാലയങ്ങളുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം നടത്തിയ പരിശോധയുടെ അടിസ്ഥാനത്തില്‍ 46 കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടതായി കണ്ടെത്തിയതായി വികസന സമിതിയില്‍ അറിയിച്ചു. അറ്റകുറ്റ പണി നടത്തി ഒന്‍പത് കെട്ടിടങ്ങള്‍ നിലനിര്‍ത്താമെന്നും യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സുരക്ഷ പ്രശ്‌നമുള്ള കെട്ടിടങ്ങളില്‍ നിലവില്‍ ക്ലാസുകള്‍ നടക്കുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് യോഗത്തെ അറിയിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയില്‍ അനുമതി ലഭിച്ച 91 കോടി രൂപയുടെ 23 പദ്ധതികളുടെ നിലവിലെ പുരോഗതി യോഗം വിലയിരുത്തി. 21 പദ്ധതികളുടെ ഡിപിആര്‍ സര്‍ക്കാരിലേക്ക് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ബാക്കി രണ്ട് പദ്ധതികളുടെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.
ദേശീയപാത പ്രവൃത്തി ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് ടി പി രാമകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ മണ്ണു മാറ്റാത്തത് നിര്‍മ്മാണ പ്രവൃത്തിക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. വേങ്ങാപ്പറ്റ, ചെറുവണ്ണൂര്‍ സ്‌കൂളുകളിലും ഇതേ പ്രയാസം നേരിടുന്നുണ്ടെന്നും എം എല്‍ എ അറിയിച്ചു. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് സമയ പരിധി നിശ്ചയിച്ച് പ്രവൃത്തികള്‍ നടത്തണമെന്നും സര്‍വീസ് റോഡുകള്‍ യാത്ര യോഗ്യമാക്കണമെന്നും കെ കെ രമ എംഎല്‍എ ആവശ്യപ്പെട്ടു. റവന്യൂ ടവറിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും എംഎല്‍എ നിര്‍ദ്ദേശിച്ചു.
ബേബി മെമ്മോറിയല്‍ ആശുപത്രിക്കും ക്രിസ്റ്റ്യന്‍ കോളജിനും ഇടയിലുള്ള റോഡിനും മലാപ്പറമ്പ് ഇഖ്റ ആശുപത്രി റോഡിന് സമീപവും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് സച്ചിന്‍ ദേവ് എം എല്‍ എ പറഞ്ഞു. അനധികൃത പാര്‍ക്കിങ്ങിനെതിരെ കൃത്യമായ നിയന്ത്രണമുണ്ടാകുമെന്നും ഇതിനായുള്ള നിര്‍ദേശങ്ങള്‍ ട്രാഫിക്ക് പോലീസിന് നല്‍കുമെന്നും ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.
വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് റെയില്‍വെ ഭൂമിയിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് നടപടി ഉണ്ടാകണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട നടപടികളും കോര്‍പറേഷന്‍ പരിധിയിലെ റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കാനും എം എല്‍ എ ആവശ്യപ്പെട്ടു.
വിലങ്ങാട് ഉരുള്‍പ്പൊട്ടലിന്റെ ഭാഗമായി വിലങ്ങാട് പുഴയുടെ കരയിടിഞ്ഞ ഭാഗങ്ങള്‍ നവീകരിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഇ കെ വിജയന്‍ എം എല്‍ എ പറഞ്ഞു. പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ്, മൊകേരി കോളേജിലെ ലേഡീസ് ഹോസ്റ്റല്‍ നിര്‍മ്മാണം, കുന്നുമ്മല്‍ കമ്മ്യൂണിറ്റി ഹാള്‍, കുറ്റ്യാടി ഡയാലിസിസ് കെട്ടിട നിര്‍മ്മാണം എന്നീ പ്രവൃത്തികളുടെ പുരോഗതി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ പരിശോധിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ല കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ ടി പി രാമകൃഷ്ണന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, പി ടി എ റഹീം, ഇ കെ വിജയന്‍, കെ കെ രമ, സച്ചിന്‍ ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സബ് കളക്ടര്‍ ഗൗതം രാജ്, എ ഡി എം പി സുരേഷ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ സി പി സുധീഷ് എന്നിവര്‍ പങ്കെടുത്തു.
Post a Comment
0 Comments