നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിനു നീതി ആയോഗ് വൈസ് ചെയർമാന്റെ അനുമോദനം
കൽപറ്റ : ആരോഗ്യ പരിരക്ഷാ രംഗത്ത് ദേശീയ തലത്തിൽ തന്നെ ഇതിനകം ശ്രദ്ധിക്കപ്പെട്ട വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ കെ ബറിയുടെ ഹൃദയം നിറഞ്ഞ അനുമോദനം.
" ആശുപത്രിയിൽ രോഗികൾക്ക് ലഭ്യമാക്കിയ സൗകര്യങ്ങളിൽ അതീവ സന്തുഷ്ടി രേഖപ്പെടുത്തുന്നു. ഇവിടം സന്ദർശിക്കുന്നതിൽ നിന്നും മഴ എന്നെ തടയാഞ്ഞതിൽ ഞാൻ ആഹ്ലാദവാനാണ്" എന്നാണ് അദ്ദേഹം കുറിച്ചത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്.
ആശുപത്രിയിലെ ഫിസിയോതെറപ്പി യൂണിറ്റ്, ഡേ കെയർ, വിളർച്ചാ നിയന്ത്രണ പദ്ധതിയായ അമ്മ താരാട്ട്, ഗർഭിണികളായ ആദിവാസി സ്ത്രീകൾക്കുള്ള പ്രതീക്ഷ പദ്ധതികൾ, റോബോട്ടിക് ഗെയ്റ്റ് ട്രെയ്നർ സംവിധാനം തുടങ്ങിയ സൗകര്യങ്ങൾ നീതി ആയോഗ് സംഘം വിലയിരുത്തി. പഠന പ്രശ്‌നങ്ങളുള്ള വിദ്യാർത്ഥികൾക്കായി ആശുപത്രിയിൽ ഏർപ്പെടുത്തിയ വിർച്വൽ റിയാലിറ്റി തെറപ്പി സംവിധാനം പരിശോധിച്ചു. രോഗീ പരിചരണത്തിലെ അനന്യ സമീപനങ്ങൾ, അംഗീകാരങ്ങൾ എന്നിവയും സംഘം മനസിലാക്കി.
2018 ൽ നാഷണൽ ക്വാളിറ്റി അഷൂറൻസ് സർട്ടിഫിക്കേഷനിൽ 98 ശതമാനം മാർക്ക് നേടി രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാമത്തെത്തിയ നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം 2022 ലും 95 ശതമാനം മാർക്ക് നേടി മികവ് ആവർത്തിച്ചു. 2020 ൽ ആർദ്രം പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച ആരോഗ്യ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട് നൂൽപ്പുഴയ്ക്ക് തുടർച്ചയായ വർഷങ്ങളിൽ കായകൽപ്പ അവാർഡുകളും ലഭിച്ചിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഗോത്രവിഭാഗങ്ങൾ അധിവസിക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്തായ നൂൽപ്പുഴയിലെ ഈ ആരോഗ്യ കേന്ദ്രത്തെ കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗികളും ആശ്രയിക്കുന്നു.
ആസ്പിരേഷണൽ ഡിസ്ട്രിക്ട്സ് ആൻഡ് ബ്ലോക്ക്സ് പദ്ധതിയുടെ ഭാഗമായാണ് നീതി ആയോഗ് സംഘം വെള്ളിയാഴ്ച വയനാട് ജില്ലയിൽ സന്ദർശനം നടത്തിയത്.
ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡിഎംഒ ഡോ. പി ബിനീഷ്, കുടുംബാരോഗ്യ കേന്ദ്രം അസി. സർജൻ ഡോ. വി.പി.ദാഹർ, മുഹമ്മദ്, ഡോ. ജെറിൻ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.
Post a Comment
0 Comments