അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാം

ഡോ.വി.കെ.ഷമീർ (കോഴിക്കോട് മെഡിക്കൽ കോളേജ്) : 
അമീബിക് മസ്തിഷ്കജ്വരത്തെ കുറിച്ച്  എഴുതാതിരിക്കുന്നത് എങ്ങനെ? 
പണ്ട് മെഡിസിനിൽ അമീബയെന്നാൽ വയറിളക്കം, ഇടക്ക് കരളിൽ പഴുപ്പ് (liver absces) ഇതായിരുന്നു.  തലച്ചോറ് തിന്നുന്ന അമീബ അപൂർവങ്ങളിൽ അപൂർവം. രണ്ടു മൂന്ന് വർഷം കൂടുമ്പോൾ ഒരു രോഗി ആയിരുന്നു പതിവ്. ഇപ്പോൾ ദിവസവും അമീബ മനുഷ്യൻ്റെ തലച്ചോറ് തിന്നു കൊണ്ടിരിക്കുകയാണ്. 

ആദ്യം പറഞ്ഞ കുടലിലും കരളിലും കിടന്ന് കളിക്കുന്ന അമീബ, കുടി വെള്ളത്തിൻ്റെ വൃത്തി കൂടുകയും  നാടൻ കള്ളിൻ്റെ ഉപയോഗം കുറയുകയും ചെയ്തപ്പോൾ മെല്ലെ മെല്ലെ അപ്രത്യക്ഷമായി തുടങ്ങിയതായിരുന്നു. അപ്പോഴാണ് തലച്ചോറ് തിന്നുന്ന അമീബയുടെ കുതിച്ചു ചാട്ടം. 

ശരിക്കും അമീബ ഒരു പ്രശ്നമാണോ?

ഒരു പ്രശ്നമാണ് എന്ന് തന്നെ പറയേണ്ടിവരും. കാരണം - വർദ്ധിച്ചു വരുന്ന രോഗികളുടെ എണ്ണവും,  ഈ രോഗത്തിൻ്റെ സ്വതസിദ്ധമായ അപകട സാധ്യതയും.  ഒരു മാസത്തിനുള്ളിൽ ഒൻപത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച രോഗികളെ  കണ്ടു കഴിഞ്ഞു എന്നത് ഒരു അപൂർവ്വമായ ഒരു അനുഭവം തന്നെയാണ്. 

എന്തുകൊണ്ട് എണ്ണം കൂടുന്നു?

ഒരു ചോദ്യത്തിന് വളരെ വലിയ ഉത്തരം പറയുമ്പോൾ തന്നെ ഉറപ്പിക്കാം, കയ്യിൽ കൃത്യമായ ഉത്തരം ഉണ്ടാവില്ലെന്ന്. പല ഘടകങ്ങൾ ആവാം കാരണം. കാലാവസ്ഥാ വ്യതിയാനം ആണ് ഏറ്റവും മുന്നിൽ. വെള്ളത്തിൻ്റെ ചൂട് കൂടുമ്പോൾ ഉറങ്ങിക്കിടക്കുന്ന ഉഷ്ണപ്രിയ അമീബ (നെഗ്ലേരിയ) സട കുടഞ്ഞ് എഴുന്നേൽക്കുന്നതാവാം ഒരു കാരണം. 
ജല സ്രോതസ്സുകളെ വൃത്തിക്കുറവാണ് മറ്റൊന്ന്. കോവിഡ് കാലത്തിനു ശേഷം മാസ്കിലും ശാരീരിക അകലത്തിലും ഹസ്ത ശുദ്ധിയിലും ശ്രദ്ധ കേന്ദ്രീകരിച്ച മലയാളി വെള്ളത്തിൻ്റെ വൃത്തിയുടെ കാര്യത്തിൽ ഒരൽപ്പം പിറകോട്ട് പോയോ എന്നൊരു സംശയം ഇല്ലാതില്ല. കിണർ വൃത്തിയാക്കൽ, ടാങ്ക് കഴുകൽ തുടങ്ങിയ ആചാരങ്ങൾ പലപ്പോഴും മറന്നു പോയിട്ടുണ്ടാകണം. എടുത്ത് പറയേണ്ടത് നീന്തൽ കുളങ്ങളും വെള്ളക്കെട്ടുകളും അതിൻ്റെ വൃത്തിയുമാണ്. പ്രകൃത്യാ ഉള്ളതായതിനാൽ അത് വൃത്തി ഉള്ളതാകുമെന്നും അത് കാരണം ഒരു രോഗവും വരാൻ സാധ്യതയില്ലെന്നും നമ്മൾ അങ്ങ് വിശ്വസിച്ചു. കിണർ വെള്ളത്തെ അന്ധമായി വിശ്വസിച്ച പോലെ. കുളിക്കുന്ന, നീന്തൽ പഠിക്കുന്ന ജലാശയങ്ങളിൽ മാലിന്യം വന്നു വീഴുന്നത് നമ്മുടെ ശ്രദ്ധയിൽ പെടാതെ പോയി. വിനോദയാത്ര പോകുമ്പോഴും റിസോർട്ടുകളിൽ ഉല്ലസിക്കുമ്പോഴും നീന്തൽ കുളങ്ങളിലെ വൃത്തിയെ കുറിച്ചല്ല പകരം ക്ലോറിൻ മണത്തെ കുറിച്ചും കണ്ണു നീറുന്നതിനെ കുറിച്ചുമാണ് നമ്മൾ പരാതി പറഞ്ഞത്. ഇതെല്ലാം നമുക്ക് തിരിച്ചടി ആയിക്കാണണം. 

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?

പല തരം അമീബകൾ ഉണ്ടെന്ന് നേരത്തെ പറഞ്ഞുവല്ലോ. കുടലിനെയും കരളിനെയും ബാധിക്കുന്ന അമീബയെ (എൻ്റമീബ ഹിസ്റ്റോളിറ്റിക) നമുക്ക് വിടാം. മസ്തിഷ്കം ഇഷ്ടപ്പെടുന്ന അമീബയുടെ കാര്യം മാത്രം എടുത്താൽ അത് തന്നെ പല തരമുണ്ട്. ഏറ്റവും ഭീകരനാണ് നെഗ്ലേറിയ. അതിനു പിറകിൽ അകാന്തമീബ, പിന്നെ വെർമമീബ, ബാലമുത്തിയ തുടങ്ങി കുറേ പേരുകൾ. ഇവ തമ്മിൽ ശരീരത്തിൽ പ്രവേശിക്കുന്ന രീതി മുതൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളിലും പരിഹാരങ്ങളിലും എല്ലാം വ്യത്യാസങ്ങളുണ്ട്. 

നെഗ്ലേറിയ. ശരീരത്തിൽ കയറുന്നത് വെള്ളത്തിൽ നിന്ന് മൂക്കിലൂടെയാണ്. കൃത്യമായി പറഞ്ഞാൽ മൂക്കിൻ്റെ അറ്റത്തെ തലയോട്ടിയുമായി വേർതിരിക്കുന്ന എല്ലിലെ സുഷിരങ്ങളിലൂടെ (ക്രിബ്രിഫോം പ്ലേറ്റ്). കുട്ടികളിൽ ഇത് പൂർണ്ണമായും വികസിക്കാത്ത കാരണം നുഴഞ്ഞുകയറ്റം കുറച്ചു കൂടി എളുപ്പമാകും. നെഗ്ലേറിയ അടങ്ങിയ വെള്ളം  നല്ല ശക്തിയിൽ മൂക്കിനുള്ളിലേക്ക് പ്രവേശിച്ചാൽ ഈ അമീബ തലയോട്ടിയുടെ സുരക്ഷാ ഭിത്തിയും ഭേദിച്ച് അകത്തേക്ക് കടക്കും. ഉള്ളിൽ കയറി കഴിഞ്ഞാൽ മസ്തിഷ്കത്തിൽ വലിയ കേടുപാടുകൾ ഉണ്ടാക്കാൻ ഇവർക്ക് കഴിയും. പനിയിൽ തുടങ്ങി ശക്തമായ തലവേദന, ഛർദ്ദി, പെരുമാറ്റത്തിലെ വ്യത്യാസം, അപസ്മാരം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ വരാൻ കുറച്ചു ദിവസങ്ങൾ മതി. മരണ സാധ്യത വളരെ കൂടുതലാണ്. 

അകാന്തമീബയാകട്ടെ തൂണിലും തുരുമ്പിലും എന്ന് പറയുന്ന പോലെ ഒരു സർവ്വ വ്യാപിയായ അമീബയാണ്. ഏത് വഴി വേണമെങ്കിലും ശരീരത്തിൽ എത്താം. മനുഷ്യരുമായി ചേർന്ന് നിൽക്കുകയും  രോഗപ്രതിരോധ ശക്തി കുറഞ്ഞ സമയം നോക്കി അക്രമാസക്തരാവുകയും ചെയ്യുന്ന രീതിയാണ് ഇവർക്ക്. കരൾ രോഗികൾ, കാൻസർ രോഗികൾ തുടങ്ങിയവരിലൊക്കെ അപൂർവ്വമായി അകാന്തമീബ മസ്തിഷ്ക ജ്വരം കാണാറുണ്ട്. ഇവർ  കുറച്ച് കൂടി സാവകാശത്തിൽ തലച്ചോറിൽ കേടുപാടുകൾ ഉണ്ടാക്കുന്ന കൂട്ടത്തിലാണ്. ലക്ഷണങ്ങൾ നെഗ്ലേറിയ പോലെ തന്നെ ആണെങ്കിലും  ആഴ്ചകളോ മാസങ്ങളോ നീണ്ടു നിൽക്കുമെന്നതാണ് ഒരു വ്യത്യാസം. നെഗ്ലേറിയയുടെ അത്രയും അപകടകാരിയല്ലെങ്കിലും മരണ സാധ്യത വളരെ കൂടുതലാണ് അകാന്തമീബയിലും. 

എല്ലാ മസ്തിഷ്ക ജ്വരത്തിൻ്റെയും കാരണം കണ്ടെത്താൻ സാധാരണയായി ഉപയോഗിക്കുന്ന നട്ടെല്ലു കുത്തിയെടുക്കുന്ന തലച്ചോറിലെ സ്രവം (സി എസ് എഫ്) ആണ് അമിബിക് മസ്തിഷ്ക ജ്വരം കണ്ടെത്താനും ഉപയോഗിക്കുന്നത്.  മൈക്രോസ്‌കോപ്പിന് അടിയിൽ പരിശോധിക്കുക എന്നതാണ് മാർഗ്ഗം (വെറ്റ് മൗണ്ട്). ഇങ്ങനെ കണ്ടെത്തുന്നതിൽ ചില നിർണായക ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സിഎസ്എഫ് എടുത്ത ഉടനെ ലാബിൽ എത്തണം. സാമ്പിൾ  തണുപ്പിക്കാനും പാടില്ല. 

ഒരു അനുഭവ പരിചയമുള്ള മൈക്രോബയോളജിസ്റ്റിന് അമീബയെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. ഏത് തരം അമീബ എന്നതിനെ കുറിച്ചും ഒരു ഊഹം നൽകാൻ സാധിക്കുമെങ്കിലും അത് പൂർണ്ണമായും നിർണയിക്കുന്നത് PCR പരിശോധനയിലൂടെ ആണ്. വളരെ ചുരുക്കം കേന്ദ്രങ്ങളിലേ ഈ സൗകര്യമുള്ളൂ എന്നത് ഒരു പ്രയാസമാണ്. 

ചികിത്സ

അമീബയെ നശിപ്പിക്കാൻ കഴിയുന്ന പല തരം മരുന്നുകൾ നിലവിലുണ്ട്. അവയുടെ പല തരത്തിലുള്ള കോംബിനേഷൻ ആണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. കേരള ആരോഗ്യ വകുപ്പ് ഇതിനായി ഒരു മാർഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. നേരത്തെ ചികിത്സ തുടങ്ങൽ വളരെ നിർണായകമാണ്. 

തടയാൻ എന്തൊക്കെ ചെയ്യാൻ കഴിയും? 

അപകടകാരിയായ ഒരു രോഗാണുവിനെ കുറിച്ച് പറഞ്ഞു ഭയപ്പെടുത്തിയത് കൊണ്ട് കാര്യം ഇല്ലല്ലോ. തടയാൻ എന്തെല്ലാം ചെയ്യാൻ കഴിയും എന്നതാണല്ലോ ശ്രദ്ധിക്കേണ്ടത്.

നേരത്തെ പറഞ്ഞു വെച്ച പോലെ ഈ അപകടകാരിയുടെ ശരീരത്തിലേക്കുള്ള പ്രവേശനം പ്രധാനമായും മൂക്കിലൂടെ ആണല്ലോ. അത് ഒഴിവാക്കാൻ നമുക്ക് പറ്റുന്നത് ചെയ്യാം. 

കഴിയുന്നതും കെട്ടി കിടക്കുന്ന വെള്ളത്തിലുള്ള മുങ്ങിക്കുളി ഒഴിവാക്കാം. പ്രത്യേകിച്ചും വെള്ളത്തിലേക്കുള്ള ചാട്ടം, ഡൈവിംഗ് തുടങ്ങിയവ. നീന്തൽ പരിശീലനത്തിനൂപയോഗിക്കുന്ന കുളങ്ങളും നീന്തുന്ന  സ്വിമ്മിങ് പൂളുകളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം, ക്ലോറിനേറ്റ് ചെയ്യണം.  

എന്ത്  വിശ്വാസങ്ങളുടെയോ ആചാരങ്ങളുടെയോ പേരിലായാലും മൂക്കിൽ വെള്ളം ഒഴിക്കുന്നത് ഒഴിവാക്കണം. എന്തെങ്കിലും ചികിത്സയുടെ ഭാഗമായാണെങ്കിൽ മൂക്കിലേക്ക് ഒഴിക്കാൻ ഉപയോഗിക്കുന്ന വെള്ളം ഒരു ഡ്രിപ്പിലൂടെ ഞരമ്പിലേക്ക്  കയറ്റുന്ന വെള്ളം പോലെ ശുദ്ധമായിരിക്കണം (സ്റ്റെറൈൽ).

കിണറുകളും ടാങ്കുകളും വൃത്തിയാക്കണം. ക്ലോറിനേറ്റ് ചെയ്യണം. കുളിക്കുമ്പോൾ പറ്റുന്നതും തല താഴ്ത്തി വെച്ച് വെള്ളം ഒഴിക്കാം. ഷവറിൽ കുളിക്കുമ്പോൾ മുഖം ഉയർത്തി വെച്ച് മൂക്കിലേക്ക് വെള്ളം നേരിട്ടു വീഴുന്ന രീതി ഒഴിവാക്കാൻ ശ്രമിക്കാം.

അവസാനമായി ആരോഗ്യ പ്രവർത്തകരോട് ഒരു വാക്ക്.  മസ്തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങളുള്ള എല്ലാ രോഗികളിലും അമീബയുടെ സാദ്ധ്യത കൂടി പരിഗണിക്കണം. പഴയ പോലെ മുങ്ങിക്കുളിയുടെ സാദ്ധ്യത ഇല്ലാത്ത രോഗി ആണെങ്കിലും. സി എസ് ഫ് അമീബ പരിശോധനക്കു കൂടി വിടണം. കണ്ടു കഴിഞ്ഞാൽ ഉടൻ ചികിത്സ തുടങ്ങണം. അമീബിക് മസ്തിഷ്ക ജ്വരത്തെ കുറിച്ച് ഇന്ന് ലോകത്താകമാനം ഉള്ള അറിവുകൾ വളരെ വിരളമാണ്. കേസുകളുടെ എണ്ണം വളരെ കുറവായതിനാലാണത്. പല കാര്യങ്ങളും ഇനിയും തെളിഞ്ഞു വരാനുണ്ട്. ഓരോ രോഗിയും പ്രസൻ്റ് ചെയ്യുന്ന രീതിയും ചികിത്സയോടുള്ള പ്രത്രികരണവുമെല്ലാം കൃത്യമായി ഡോക്യുമെൻ്റ് ചെയ്യുകയും പുതിയ അറിവുകൾ ലോകത്തെ അറിയിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം കൂടി നമുക്കുണ്ട്.

Post a Comment

0 Comments