വന്യജീവി ആക്രമണ ലഘൂകരണ പദ്ധതി
കോഴിക്കോട് :
വന്യജീവി ആക്രമണ ലഘൂകരണ തീവ്രയജ്ഞ പദ്ധതി തുടങ്ങി. സംസ്ഥാനത്ത് വന്യജീവി ആക്രമണം അനുഭവപ്പെടുന്ന 400 പഞ്ചായത്തുകളുണ്ട്. ഇവയിൽ 273 പഞ്ചായത്തുകൾ ഈ പ്രശ്‌നം രൂക്ഷമായ അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്. അതിൽത്തന്നെ മുപ്പതോളം പഞ്ചായത്തുകളിൽ തീവ്രമായ വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ഏതുവിധേനയും പരിഹരിച്ചേ മതിയാകൂ എന്ന ചിന്തയിൽ നിന്നാണ് 45 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്.
പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ഓരോ ഘട്ടത്തിനും 15 ദിവസം വീതമാണ് കാലാവധി. ഒന്നാം ഘട്ടത്തിൽ കേരളത്തിന്റെ മലയോര മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും വനംവകുപ്പിന്റെ ഹെൽപ്-ഡെസ്‌കുകൾ ആരംഭിക്കും. അവിടെ വകുപ്പ് ഉദ്യോഗസ്ഥർ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ സഹായത്തോടെ ഈ വിഷയത്തിൽ പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ കണ്ടെത്തും. പ്രാദേശിക പ്രതിവിധികൾ ആവശ്യമുള്ള പ്രശ്‌നങ്ങൾക്ക് അവിടെതന്നെ ഉടനടി പരിഹാരമുണ്ടാകും.
ജില്ലാതലത്തിൽ പരിഹരിക്കേണ്ട വിഷയങ്ങളാണ് രണ്ടാം ഘട്ടത്തിൽ പരിശോധിക്കുക. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടു കൂടിയാകും ഇത് നടത്തുക. എം എൽ എമാർ അടക്കമുള്ള ജനപ്രതിനിധികൾ ഇതിൽ പങ്കാളികളാവും. മൂന്നാം ഘട്ടത്തിലാണ് സംസ്ഥാനതലത്തിൽ തീർപ്പുകൽപ്പിക്കേണ്ട കൂടുതൽ സങ്കീർണ്ണമായ പ്രശ്‌നങ്ങൾ പരിശോധിക്കുക.
വനവും വന്യജീവികളുമായി ബന്ധപ്പെട്ട വിഷയങ്ങളായതിനാൽ എല്ലാ പ്രശ്‌നവും സംസ്ഥാനതലത്തിൽ തന്നെ പരിഹരിക്കാൻ സാധിച്ചുവെന്ന് വരില്ല. സംസ്ഥാനതലത്തിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ കേന്ദ്രസർക്കാരിന്റെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരും. ഓരോ ഘട്ടവും സമയബന്ധിതമായി തന്നെ പൂർത്തിയാക്കുകയും ചെയ്യും. ഈ പദ്ധതി വിജയിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമം ഉണ്ടാകണം. മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ സർക്കാർ നടത്തി വരുന്ന പ്രവർത്തനങ്ങളെ ഈ പദ്ധതി കൂടുതൽ ശക്തമാക്കും.
Post a Comment
0 Comments