സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണം: ജില്ലാതല ശില്‍പശാല
കോഴിക്കോട് : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജനകീയ ചര്‍ച്ചകളുടെ ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ശില്‍പശാല മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് അധ്യക്ഷത വഹിച്ചു. എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം വിഷയാവതരണം നടത്തി.
ഡോ. അഭിലാഷ് ബാബു ചര്‍ച്ചയില്‍ ഉയര്‍ന്ന ആശയങ്ങളുടെ ക്രോഡീകരണം നടത്തി. ആര്‍ഡിഡി ആര്‍ രാജേഷ് കുമാര്‍, വിദ്യാകിരണം കോഓഡിനേറ്റര്‍ പ്രവീണ്‍ കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ യു കെ അബ്ദുല്‍ നാസര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സംഘടനാ പ്രതിനിധികള്‍, രക്ഷിതാക്കള്‍, യുവജനസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പരിഷ്‌കരണത്തിലേക്ക് ഗൗരവമുള്ള ചിന്തകള്‍ പങ്കുവെച്ച് വിദ്യാര്‍ഥികള്‍
ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജനകീയ ചര്‍ച്ചകളുടെ ജില്ലാതല ശില്‍പശാലയില്‍ ഗൗരവമുള്ള ചിന്തകള്‍ പങ്കുവെച്ച് വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെട്ട എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയാണ് ആശയങ്ങള്‍ അവതരിപ്പിച്ചത്.
ഹയര്‍ സെക്കന്‍ഡറി ക്ലാസ്മുറികള്‍ കൂടുതല്‍ വിദ്യാര്‍ഥിസൗഹൃദമാക്കുകയും വിദ്യാര്‍ഥികളുടെ എണ്ണക്കൂടുതല്‍ പരിഹരിക്കുകയും വേണമെന്നായിരുന്നു പ്രധാന നിര്‍ദേശങ്ങളിലൊന്ന്. നിലവിലെ പരീക്ഷാ രീതികള്‍ കുട്ടികളില്‍ അതിസമ്മര്‍ദം ഉണ്ടാക്കുന്നതാണ്, ഇത് സമ്മര്‍ദരഹിതമായി മാറണം. ആധുനിക സാങ്കേതിക വിദ്യകള്‍ ക്ലാസുകളില്‍ പരമാവധി ഉപയോഗപ്പെടുത്തണം. പാഠ്യപദ്ധതി കാലോചിതമായി പരിഷ്‌കരിച്ച് യാന്ത്രികമായ പഠനരീതി ഒഴിവാക്കണമെന്നും അഭിപ്രായമുയര്‍ന്നു. പാഠപുസ്തകത്തിലെ വിഭവങ്ങള്‍ കാണാപാഠം പഠിച്ചിട്ടുണ്ടോ എന്നതിന്റെ വിലയിരുത്തലാവരുത് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം. കലാ-കായിക പഠനങ്ങള്‍ക്ക് കൂടുതല്‍ അവസരമുണ്ടാകണമെന്ന നിര്‍ദേശവും ശില്‍പശാലയില്‍ ഉയര്‍ന്നു.
Post a Comment
0 Comments