വോട്ടിന്റെ പ്രാധാന്യം: പരിപാടികളുമായി തെരഞ്ഞെടുപ്പ് വിഭാഗം


കോഴിക്കോട് :
അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് യുവജനങ്ങള്‍ക്കിടയില്‍ വോട്ടിന്റെ പ്രാധാന്യമുണര്‍ത്താന്‍ വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം. യുവജന വോട്ടേഴ്സ് മാര്‍ച്ച്, തെരുവുനാടകം, ഓപണ്‍ മൈക്ക്, ഫ്ളാഷ് മോബ്, അഭിപ്രായ സര്‍വേ, മാതൃകാ നിയമസഭ, ഫോട്ടോഗ്രഫി ചലഞ്ച്, ക്വിസ് തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്. ജില്ലാ സ്വീപ്പ്, ഇലക്ടറല്‍ ലിറ്ററസി ക്ലബ്, കോഴിക്കോട് നാഷണല്‍ സര്‍വീസ് സ്‌കീം, ക്യാമ്പസസ് ഓഫ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ ഫാറൂഖ് ട്രെയിനിങ് കോളേജിലായിരുന്നു പരിപാടികള്‍. വിദ്യാര്‍ഥികള്‍ക്ക് വോട്ടര്‍ രജിസ്ട്രേഷനുള്ള സൗകര്യവും ക്യാമ്പസില്‍ ഒരുക്കിയിരുന്നു. 

വോട്ടേഴ്സ് മാര്‍ച്ച് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, ജില്ലാ സ്വീപ് കോഓഡിനേറ്റര്‍ സി ബിജു, ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോഓഡിനേറ്റര്‍ ഡോ. എ നിജീഷ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി ജില്ലാ നാഷണല്‍ സര്‍വീസ് സ്‌കീം കോഓഡിനേറ്റര്‍ ഫസീല്‍ അഹ്‌മദ്, ജില്ലാ ലോ ഓഫീസര്‍ സി കെ ഫൈസല്‍, ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി മുഹമ്മദ് സലിം, അസി. പ്രൊഫസര്‍ ഡോ. സി നൗഫല്‍, ഡോ. കെ റിഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫാറൂഖ് ട്രെയിനിങ് കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍, ജില്ലാ കലക്ടറുടെ ഇന്‍േറണ്‍സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് ഫാറൂഖ് ട്രയിനിംഗ് കോളേജിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന വോട്ടേഴ്സ് മാർച്ച് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

യുവജന വോട്ടേഴ്സ് മാര്‍ച്ചില്‍ മൂന്നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കാളികളായി. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് ഇലക്ഷന്‍ ലിറ്ററസി ക്ലബ്, എന്‍എസ്എസ് വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെയാണ് തെരുവ് നാടകം അവതരിപ്പിച്ചത്.വരും ദിവസങ്ങളില്‍ ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബിന്റെ നേതൃത്വത്തില്‍ നാഷണല്‍ സര്‍വീസ് സ്‌കീം, ക്യാമ്പസസ് ഓഫ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ ക്യാമ്പസുകളിലുടനീളം വോട്ടര്‍ എന്റോള്‍മെന്റ് ഡ്രൈവുകള്‍, യുവജന വോട്ടേഴ്സ് റാലി, ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും.

ചൂടേറിയ ചര്‍ച്ചകളുമായി മാതൃകാ നിയമസഭ

വാദപ്രതിവാദങ്ങളും ചൂടന്‍ ചര്‍ച്ചകളുമായി വിദ്യാര്‍ഥികളുടെ മാതൃകാ നിയമസഭ. അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫാറൂഖ് ട്രെയിനിങ് കോളേജില്‍ സംഘടിപ്പിച്ച പരിപാടിയാണ് സമകാലിക വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയത്. 
ഒരു ദിവസത്തെ സഭാ നടപടിക്രമങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുള്ളതായിരുന്നു മാതൃകാ നിയമസഭ. ചോദ്യോത്തര വേളയോടെയാണ് ആരംഭിച്ചത്. യാത്രാമാര്‍ഗം, പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ പരിഗണിക്കല്‍, മാലിന്യ പരിപാലനം, വിദേശ കുടിയേറ്റം, ഉന്നത വിദ്യാഭ്യാസം, ലഹരി, നിര്‍മിത ബുദ്ധി തുടങ്ങിയ വിഷയങ്ങളെല്ലാം ചര്‍ച്ചയായി. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് തലശ്ശേരി നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് ശൂന്യവേളയില്‍ വിഷയങ്ങള്‍ ഉയര്‍ത്തിയത് അംഗങ്ങളില്‍ ആവേശം പകര്‍ന്നു. ജില്ലയിലെ 30 കോളേജുകളില്‍ നിന്നായി 58 വിദ്യാര്‍ഥികളാണ് മാതൃകാ നിയമസഭയുടെ ഭാഗമായത്. 

പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു. മാതൃക നിയമസഭയില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മൂന്ന് മികച്ച അവതരണങ്ങള്‍ക്ക് പുരസ്‌കാരങ്ങളും നല്‍കി. മികച്ച പ്രകടനത്തിന് അന്‍സിഫ പി നാസര്‍, ഹാരിസ് മുഹമ്മദ് (ഇരുവരും ഗവ. ടീച്ചര്‍ ട്രെയിനിങ് കോളേജ്, കോഴിക്കോട്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. വി എ ആന്‍സി (സെന്റ് ജോസഫ്സ് ദേവഗിരി കോളേജ്), എച്ച്. സഫ്വാന്‍ (മര്‍കസ് ലോ കോളേജ്) എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.

Post a Comment

0 Comments