ആധുനിക അമ്മത്തൊട്ടിൽ കോഴിക്കോട് ഒരുങ്ങി
കോഴിക്കോട് :
ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് തണലൊരുക്കാൻ സംസ്ഥാനത്തെ ഏഴാമത്തെ അമ്മത്തൊട്ടിൽ ബീച്ച് ആശുപത്രിയിൽ ഒരുങ്ങി. നവീനവും ആധുനിക സാങ്കേതികവിദ്യകളോടെയുമുള്ള സംസ്ഥാനത്തെ ആദ്യ അമ്മത്തൊട്ടിലാണിത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
എല്ലാ അമ്മത്തൊട്ടിലുകളെയും പോലെ കുഞ്ഞുങ്ങളെ കിടത്തിയാലുടനെ അലാം അടിക്കുന്ന സംവിധാനത്തിനു പുറമേ ബന്ധപ്പെട്ട അധികൃതരുടെ മൊബൈലിലും സന്ദേശം ലഭിക്കും.
32,50000 രൂപയാണ് ചെലവ്. തൊട്ടിലിന് മാത്രം എട്ടു ലക്ഷം രൂപയോളം ചെലവ് വരും.
> പൂർണമായും ഓട്ടോമാറ്റിക് തൊട്ടിൽ
. തൊട്ടിലിൽ കിടത്തിയാൽ വാതിലടയും
. ഉദ്യോഗസ്ഥർക്ക് മൊബെെലിൽ അറിയിപ്പെത്തും
. ചലനം വീഡിയോയിലൂടെ അധികൃതർക്ക് ലഭിക്കും
. എത്തിച്ച വ്യക്തിയെ കാണാനാകില്ല
. സന്ദേശം ലഭിച്ചാൽ ഉടൻ പ്രവർത്തകർ എത്തി കുഞ്ഞിനെ മാറ്റും
സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി, ബീച്ച് ആശുപത്രി സൂപ്രണ്ട്, നഴ്‌സിങ് സൂപ്രണ്ട് തുടങ്ങിയവർക്കെല്ലാം അലാം വഴി വിവരം ലഭിക്കും. പതുപതുത്ത കിടക്കയോടെയുള്ള തൊട്ടിലിന് കൊതുകുവല ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്. സിസിടിവി ഉണ്ടെങ്കിലും കുഞ്ഞിനെ കിടത്തി കൂടെയുള്ളവർ പുറത്തിറങ്ങി വാതിൽ അടഞ്ഞാൽ മാത്രമേ സെൻസർ ഉപയോഗിച്ചുള്ള സിസിടിവി പ്രവർത്തിച്ചുതുടങ്ങൂ. കുട്ടിയെ ഉപേക്ഷിച്ചവരുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കാനാണിത്. കുഞ്ഞ് തൊട്ടിലിലെത്തിയാൽ സെൻസർ ഉപയോഗിച്ചുള്ള എസിയും പ്രവർത്തിക്കും. മുൻ എംഎൽഎ എ. പ്രദീപ് കുമാറിന്റെയും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടേയും ആസ്തിവികസനഫണ്ടുപയോഗിച്ച് 30 ലക്ഷം രൂപ ചെലവിലാണ് സംസ്ഥാന ശിശുക്ഷേമസമിതി അമ്മത്തൊട്ടിൽ നിർമിച്ചത്. മനോഹരമായ വാസ്തുശില്പമാതൃകയിൽ അമ്മത്തൊട്ടിലൊരുക്കിയത് ആർക്കിടെക്ട് തൗഫിലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, കോട്ടയം തുടങ്ങി ആറു ജില്ലകളിലാണ് നേരത്തേ അമ്മത്തൊട്ടിലുള്ളത്.
എല്ലാ അമ്മത്തൊട്ടിലുകളിൽ നിന്നുമായി 1049 കുട്ടികളെയാണ് ഇതുവരെ ലഭിച്ചത്. ഈ വർഷം ഇതുവരെ 13 കുഞ്ഞുങ്ങളെയും തൊട്ടിൽ വഴി ലഭിച്ചു. ഉദ്ഘാടന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മുൻ എംഎൽഎ പ്രദീപ്കുമാർ മുഖ്യാതിഥിയായി. സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി, ജോയിൻറ്് സെക്രട്ടറി മീരാ ദർശക്, വൈസ് പ്രസിഡന്റ് പി. സുമേശൻ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എം.കെ. പശുപതി, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ അബ്ദുൽ നാസർ, ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. സി.കെ.ജീവൻ ലാൽ, ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി പി. ശ്രീദേവ് എന്നിവർ പ്രസംഗിച്ചു.
Post a Comment
0 Comments