Alappuzha
ക്ഷണിച്ചില്ല; ജി.സുധാകരൻ ഏകനായി എത്തി അഭിവാദ്യംഅർപ്പിച്ചു
ആലപ്പുഴ : എന്നെ വിളിച്ചില്ല, ബോധപൂർവം വിളിക്കാതിരുന്നതാണോ എന്നറിയില്ല. സിപിഎം
സംഘടിപ്പിച്ച പി.കൃഷ്ണപ്പിള്ള അനുസ്‌മരണത്തിനു ക്ഷണിക്കാത്തതിൽ അതൃപ്‌തി പുറത്തു പറഞ്ഞ് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരൻ. സിപിഎം സംഘടിപ്പിച്ച പരിപാടി എളമരം കരീം ഉദ്ഘാടനം ചെയ്തു. പാർട്ടി പരിപാടിക്കു ശേഷം ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ഏകനായ് എത്തി അദ്ദേഹം അഭിവാദ്യം അർപ്പിച്ചു. കഴിഞ്ഞ വർഷം വരെ ഞാൻ ഉണ്ടായിരുന്നു, വിഎസിനു വയ്യാതായതു മുതൽ കഴിഞ്ഞ നാലഞ്ചു വർഷമായി ഞാനായിരുന്നു ഉദ്ഘാടകൻ. സംസ്‌ഥാന കമ്മിറ്റിയിൽ നിന്നു ഒഴിവായ ശേഷവും ജില്ലാ കമ്മിറ്റി ഉദ്ഘാടനത്തിനു എന്നെ വിളിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ ഏറ്റവും മുതിർന്ന നേതാവ് താനാണെന്നും ജി.സുധാകരൻ ഓർമിപ്പിക്കുന്നു. കഴിഞ്ഞ വർഷം വരെ ഉദ്ഘാടകനായിരുന്ന തന്നെ ഇത്തവണ വിളിക്കാതിരിക്കാൻ കാരണമായ ഒന്നും ഒരു വർഷത്തിനിടയിൽ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പി.കൃഷ്ണപ്പിള്ളയെ അനുസ്‌മരിച്ച് അഭിവാദ്യം അർപ്പിക്കാനായി ജി. സുധാകരൻ തനിച്ച് ഓട്ടോറിക്ഷയിലാണ് എത്തിയത്. ഏകനായി അഭിവാദ്യം അർപ്പിക്കുന്ന ചിത്രം സഖാക്കളെ മുന്നോട്ട് എന്ന കുറിപ്പോടെ അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു.
Post a Comment
0 Comments