കോഴിക്കോടിന്റെ ചരിത്രത്തിലൂടെ ഒരു യാത്ര

കോഴിക്കോട് : ചരിത്രവും വർത്തമാനവും പങ്കുവെച്ച് സ്വാതന്ത്ര്യ ദിനത്തിൽ ഡിടിപിസി സംഘടിപ്പിച്ച യാത്ര വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അറിവുകൾ കണ്ടും കേട്ടും അറിഞ്ഞ വ്യത്യസ്തമായ അനുഭവങ്ങളാണ് യാത്ര സമ്മാനിച്ചത്. പ്രൊവിഡൻസ് കോളേജിലെ ടൂറിസം ക്ലബ്ബിലെ 20 വിദ്യാർത്ഥികളാണ് യാത്രയുടെ ഭാഗമായത്.  
ജർമൻ മിഷനറിമാരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട  പ്രധാന സ്ഥലമായ സിഎസ്ഐ കത്തീഡ്രലിൽ നിന്നാണ് നടത്തം ആരംഭിച്ചത്. അവിടെ നിന്ന് സ്വാതന്ത്ര്യസമര പോരാളികളുടെ നിശ്ശബ്ദ കഥകൾ പറയുന്ന പ്രതിമകളുള്ള അൻസാരി പാർക്കിലേക്ക് നീങ്ങി.
തുടർന്ന് മാനാഞ്ചിറ സ്ക്വയറിൽ, ബ്രിട്ടീഷ് കാലഘട്ടത്തിലെ കഥകളാണ് പങ്കുവെച്ചത്. ടൗൺ ഹാൾ, ക്രൗൺ തിയേറ്റർ, ജർമൻ മിഷനറിമാർ സ്ഥാപിച്ച കോംട്രസ്റ്റ് ഫാക്ടറികൾ എന്നിവയിലൂടെ ബ്രിട്ടീഷുകാർ നഗരത്തെ എങ്ങനെ മാറ്റിമറിച്ചു എന്ന് വിശദീകരിച്ചു. തുടർന്ന് പഴയ ഹുസൂർ റോഡിനെ പിന്തുടർന്ന് ബ്രിട്ടീഷുകാർ പേര് നൽകിയ എസ്.എം സ്ട്രീറ്റിലൂടെ സഞ്ചരിച്ച്, പ്രാദേശിക സംസ്കാരത്തിലും വ്യാപാരത്തിലുമുള്ള കോളനിവത്കരണത്തിന്റെ സ്വാധീനം ആളുകൾക്ക് മനസ്സിലാക്കാനായി.
യാത്ര കോർട്ട് റോഡിലൂടെ ചരിത്രപ്രസിദ്ധമായ മദർ ഓഫ് ഗോഡ് കത്തീഡ്രലിലേക്ക് തുടർന്നു. മഹാത്മാഗാന്ധിയുടെ കോഴിക്കോട്ടേക്കുള്ള സന്ദർശനങ്ങളും കടൽത്തീരത്ത് അദ്ദേഹം നടത്തിയ പൊതുയോഗങ്ങളും ഓർമ്മിച്ചുകൊണ്ട് ഗാന്ധി മണ്ഡപത്തിൽ ഒത്തുകൂടി.
ബീച്ചിലെ ഫ്രീഡം സ്ക്വയറിലാണ് നടത്തം അവസാനിച്ചത്. സ്വാതന്ത്ര്യത്തിന്റെ സ്മരണകളും അതിനുവേണ്ടി പോരാടിയവരുടെ നിലക്കാത്ത ഓർമ്മകളും പങ്കുവെച്ചാണ്  നടത്തതിന് പരിസമാപ്തിയായത്. സ്റ്റോറി ടെല്ലർ രജീഷ് രാഘവൻ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകളും സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട ചരിത്രവും വിശദീകരിച്ചു. 
പ്രൊവിഡൻസ് കോളേജിലെ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അനഘ സതീശൻ, ഡിടിപിസി ബീച്ച് മാനേജർ നിഖിൽ എന്നിവരും യാത്രയിൽ പങ്കെടുത്തു.

Post a Comment

0 Comments