കോഴിക്കോട് സിറ്റി പൊലീസിന്റെ അന്വേഷണം;വൻ ലഹരി സംഘം ഹരിയാനയിൽ പിടിയിൽ
കോഴിക്കോട് : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് രാസലഹരി എത്തിച്ചിരുന്ന ഹരിയാനയിലെ കേന്ദ്രം കണ്ടെത്തി പ്രതികളെ കേരള പൊലീസ് പിടികൂടി. ഡൽഹി, ഹരിയാന പൊലീസിന് ഒപ്പം കോഴിക്കോട് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയത്. മൂന്ന് ആഫ്രിക്കൻ സ്വദേശികൾ പിടിയിലായി. രാസലഹരി ഉൾപ്പധിപ്പിക്കുന്ന കിച്ചനുകൾ കണ്ടെത്തി. 2025 ഫെബ്രുവരി 16ന് ടൗൺ പൊലീസിനു
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം പുതുക്കോട്ട് സ്വദേശി പേങ്ങാട്ട് കണ്ണനാരിപറമ്പ് വീട്ടിൽ സിറാജ് ( 31)നെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടൗൺ പോലീസും, ഡാൻസാഫും ചേർന്ന് റെയിൽവെ സ്റ്റേഷൻ ആനിഹാൾ റോഡിൽ നിന്നും വിൽപനക്കായി കൊണ്ട് വന്ന 778 ഗ്രാം എംഡിഎംഎ സഹിതമാണ് സിറാജിനെ അറസ്റ്റ് ചെയ്തത്.
തുടർന്നുള്ള പോലീസിന്റെ അന്വേഷണത്തിൽ പ്രതി ഡൽഹിയിൽ നിന്നും ട്രയിൻ മാർഗ്ഗമാണ് മയക്കുമരുന്ന് കൊണ്ട് വന്നതെന്നും, പ്രതിയുടെ ബാങ്ക് അക്കൌണ്ടും, മൊബൈലും പരിശോധിച്ചതിൽ നിന്നും, സൈബർസെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലും പ്രതി മയക്കുമരുന്ന് വാങ്ങിയത് നൈജീരിയൻ സ്വദേശിയിൽ നിന്നാണെന്ന് മനസ്സിലാക്കുകയായിരുന്നു. കുടാതെ പ്രതിയുടെ അക്കൗണ്ടിൽ നിന്നും മറ്റ് രണ്ട് നൈജീരിയൻ സ്വദേശികളുടെ അക്കൌണ്ടിലേക്കും പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടന്നും, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ വെച്ചാണ് പിൻവലിച്ചത് എന്നും കണ്ടെത്താൻ സാധിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടാണെന്നും പോലീസിന്റെ അന്വേഷണത്തിൽ മനസ്സിലായി.
മൂന്ന് നൈജീരിയക്കാരായ ഉഗോചുക്വു ജോൺ ഡേവിഡ്, ഹെൻറി ഒനുചുക്വു, ഒകോലി റൊമാനസ് എന്നിവർ ഈ കേസ്സിലെ കണ്ണികളാണെന്ന് കണ്ടത്തുകയായിരുന്നു. തുടർന്ന് ടൗണ്‍ പൊലീസ് ഇവരുടെ ലൊക്കഷന്‍ ഹരിയാനയിലെ ഗുരുഗ്രാം എന്ന സ്ഥലത്താണെന്ന് കണ്ടെത്തുകയും ഹരിയാന പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. കോഴിക്കോട് സിറ്റിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിയാന പോലീസ് നൈജീരിയക്കാർ താമസിക്കുന്ന ഗുരുഗ്രാമിൽ എത്തുകയും സ്ഥലം റെയ്ഡ് ചെയ്യുകയുമായിരുന്നു. റെയ്ഡിൽ സിന്തറ്റിക്ക് മയക്കുമരുന്നുകൾ അനധികൃതമായി ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന 6 നൈജീരിയൻ സ്വദേശികളും, ഒരു നേപ്പാൾ സ്വദേശിയും, ഒരു മിസ്സോറാം സ്വദേശിനിയും ഉൾപ്പെടെ 8 പേരെ അറസ്റ്റ് ചെയ്യുകയും, ഇവർ താമസിക്കുന്ന സ്ഥലത്ത് നിന്നും 1.60 കിലോ സൾഫർ, 904 ഗ്രാം കൊക്കെയ്ൻ, 2.34 കിലോ അസംസ്കൃത കൊക്കെയ്ൻ, 7,500 രൂപ, 42 മൊബൈൽ ഫോണുകൾ, 3 ഇലക്ട്രോണിക് തുലാസുകൾ, പാക്കിംഗ് സാമഗ്രികൾ എന്നിവയുൾപ്പെടെ പിടിയിലാകുകയായിരുന്നു. തുടർന്ന് പ്രതികളെ ഹരിയാന പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഒരു കോടിയിലേറെ വിലവരുമെന്ന് പൊലസ് പറഞ്ഞു. വിദേശികളായ പ്രതികളിൽ ഒകോലി റൊമാനസ് എന്ന നൈജീരിയക്കാരനൊഴികെ ബാക്കിയുള്ള വിദേശികൾക്ക് സാധുവായ ടൂറിസ്റ്റ് വിസയോ, റസിഡൻഷ്യൽ വിസയോ, ഇന്ത്യയിൽ തങ്ങുന്നതിനായി മറ്റ് രേഖകളൊന്നും ഇല്ലായിരുന്നു. പ്രതികൾ ഡാർക്ക് വെബ് ഉപയോഗിച്ചാണ് പ്രധാനമായും മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നു. പിടിയിലായവരിൽ ചില പ്രതികൾക്ക് ഇതിനുമുമ്പ് ഡൽഹിയും, ഹിമാചലും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ടന്നും പോലീസ് പറഞ്ഞു. ഹരിയാന ഗുർഗോണിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് പോലീസ് രാസലഹരികൾ എത്തിക്കുന്ന കിച്ചനുകൾ കണ്ടെത്തിയത്.
Post a Comment
0 Comments