ഓണം കളറാക്കാൻ കുടുംബശ്രീ പോക്കറ്റ് മാർട്ട്

കൽപറ്റ : ഓണം കളറാക്കാം,  പോക്കറ്റ്മാര്‍ട്ടിലൂടെ ഉൽപന്നങ്ങള്‍ വീട്ടിലെത്തും. 
കുടുംബശ്രീ ഉൽപന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ലഭ്യമാകും. 
കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ ഒരു കുടക്കീഴിൽ അണിനിരത്തി ഓണ്‍ലൈന്‍ വിപണന സാധ്യതകള്‍ ഉറപ്പാക്കുന്ന പോക്കറ്റ് മാര്‍ട്ട് ഓഗസ്റ്റ് ആദ്യ വാരം പ്രവര്‍ത്തനമാരംഭിച്ചു. 
799 രൂപയുടെ ഓണക്കിറ്റാണ് ഓണ്‍ലൈനായി ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ചിപ്‌സ്, ശര്‍ക്കര വരട്ടി, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, മസാലപ്പൊടികള്‍, അച്ചാറുകള്‍ തുടങ്ങിയ വിവിധ ഇനങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുന്നു. ആദ്യഘട്ടത്തില്‍ ആയിരത്തോളം ഉൽപ്പന്നങ്ങളാണ് ലഭ്യമാക്കുന്നത്. 
ജില്ലയിലെ കുടുംബശ്രീ സംരംഭകര്‍ തയ്യാറാക്കുന്ന നൂറിലധികം ഉൽപ്പന്നങ്ങള്‍ പോക്കറ്റ്മാര്‍ട്ടിലൂടെ ലഭിക്കും. ജില്ലയിലെ എല്ലാ സിഡിഎസുകളും 50  ഓണക്കിറ്റുകള്‍ വീതം തയ്യാറാക്കി, ആകെ 1350 കിറ്റുകളാണ് ഓണ്‍ലൈനായി വില്‍പനയ്ക്ക് തയ്യാറാക്കുന്നത്. 
ഹോം മേഡ് ഉൽപ്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, തുണിത്തരങ്ങള്‍, കുടുംബശ്രീ സംരംഭങ്ങളായ ലഞ്ച് ബെല്‍, ബഡ്സ്, കഫെ, കേരള ചിക്കന്‍, കെ ഫോര്‍ കെയര്‍, ക്വിക്ക് സെര്‍വ്, ഈ-സേവ കേന്ദ്ര, കണ്‍സ്ട്രക്ഷന്‍ യൂണിറ്റ് തുടങ്ങിയ സേവനങ്ങളും സ്റ്റോറില്‍ ലഭിക്കും.  
പോക്കറ്റ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോര്‍ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. സംസ്ഥാനത്ത് എവിടെനിന്നും ഈ ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്യാം.

Post a Comment

0 Comments