iPhone 17
ഐ ഫോൺ 17 വിൽപനയിൽ; തിരക്ക് നിയന്ത്രിക്കാനാകാതെ ലാത്തിചാർജും
ന്യൂഡൽഹി : റേഷൻ വാങ്ങാൻ പണമില്ലാതെ ജനങ്ങൾ പട്ടിണി കിടക്കുന്ന നാട്ടിൽ ലക്ഷങ്ങളുടെ മൊബൈൽ ഫോൺ വാങ്ങാൻ അടി ഇടി, തമ്മിൽ തല്ല്, തിരക്ക് നിയന്ത്രിക്കാൻ ലാത്തിച്ചാർജ് വരെ. ഐഫോൺ 17 ഇന്ത്യയിലെ ആദ്യ വില്പനയാണ് വിവിധ നഗരങ്ങളിൽ സംഘർഷത്തിൽ കലാശിച്ചത്.
ലക്ഷങ്ങൾ ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചാണു പുതിയ ഐഫോൺ 17 സീരീസിനായി ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വൻ ജനക്കൂട്ടം എത്തിയത്. വിൽപന തുടങ്ങിയ ഉടൻ തന്നെ ഡൽഹിയിലെയും മുംബൈയിലെയും ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ തമ്മിൽത്തല്ലും ലാത്തിചാർജും വരെയായി.
അതിരുകടന്ന തിരക്ക് നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാർക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. തിരക്കിനിടയിൽ ചിലർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് സുരക്ഷാ ജീവനക്കാർ ഇടപെട്ടത്. നിമിഷനേരം കൊണ്ട് സ്റ്റോറിന് മുന്നിൽ സംഘർഷാവസ്‌ഥ ഉടലെടുത്തു. ആദ്യം വാങ്ങണമെന്ന ആഗ്രഹവുമായി ഐഫോൺ ആരാധകർ ഇരച്ചെത്തിയതാണ് സംഘർഷം സൃഷ്ടിച്ചത്. ഡൽഹിയിലെ സാകേത് മാളിൽ പുലർച്ചെ മുതൽ തന്നെ ആപ്പിൾ ആരാധകർ നീണ്ട നിര തീർത്തു. രാജ്യത്ത് ആദ്യമായി ഐഫോൺ 17 സ്വന്തമാക്കാനുള്ള ആകാംഷയോടെയാണ് പലരും മണിക്കൂറുകളോളം കാത്തുനിന്നത്. സമാനമായ കാഴ്ചയാണ് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബി.കെ.സി.) ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് സ്റ്റോറിലും കണ്ടത്. ഐഫോൺ 17 സീരീസ് ആദ്യം വാങ്ങി ഫോട്ടോകൾ എടുത്തു സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനുള്ള ധൃതിയാണ് എല്ലായിടത്തും ദൃശ്യമായത്.
:

Post a Comment
0 Comments