വയനാട് ജില്ലയിൽ വികസന സദസ്സുകൾ തിങ്കളാഴ്ച മുതൽ




കൽപറ്റ : തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വികസന സദസിന് വയനാട് ജില്ലയിൽ തിങ്കളാഴ്ച തുടക്കമാവും. സംസ്ഥാന സര്‍ക്കാറിന്റെ ഇന്നോളമുള്ള വികസന പ്രവര്‍ത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് ജനങ്ങളുടെ അഭിപ്രായം ലഭ്യമാക്കുകയും ഭാവി വികസനത്തിനുള്ള ആശയങ്ങളും നിര്‍ദേശങ്ങളും ആരായുന്നതിനുമാണ് വികസന സദസ്സുകൾ സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന നേട്ടങ്ങളും ഭാവി പദ്ധതികളും സദസ്സുകളിൽ ചര്‍ച്ചയാവും.
22ന് മുട്ടിൽ, നൂൽപ്പുഴ, പൊഴുതന, വൈത്തിരി ഗ്രാമപഞ്ചായത്തുകളിലാണ് വികസന സദസ്സ് നടക്കുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ 20നകം ജില്ലയിലെ 23 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളും നടക്കും. ഓരോ തദ്ദശ സ്ഥാപനത്തിലും എല്ലാ വാര്‍ഡുകളിൽ നിന്നുള്ളവരുടെയും സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവരുടെയും പങ്കാളിത്തം വികസന സദസ്സിൽ ഉറപ്പാക്കും. 
എംഎൽഎമാര്‍ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വികസന പ്രവര്‍ത്തനങ്ങളിൽ പങ്കാളികളാവുന്ന മറ്റ് വിശിഷ്ട വ്യക്തികൾ, സമൂഹത്തിന്റെ വിവിധ തുറകളിൽ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തികൾ തുടങ്ങിയവരും വികസന സദസ്സുകളിലെത്തും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും വികസന നേട്ടങ്ങൾ വിവരിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷൻ എന്നിങ്ങനെയുള്ള വിവിധ സര്‍ക്കാര്‍ പദ്ധതികൾക്കായി ഭൂമി വിട്ടുനൽകിയവര്‍, ഹരിത കര്‍മസേന അംഗങ്ങൾ എന്നിങ്ങനെ സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളിൽ പങ്കാളികളായവരെ ചടങ്ങുകളിൽ ആദരിക്കും.
സംസ്ഥാന സര്‍ക്കാറിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കുന്ന വീഡിയോയും പ്രസന്റേഷനും വികസന സദസുകളിൽ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ഓരോ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങളും ആവിഷ്കരിച്ച പദ്ധതികളും വിശദീകരിക്കും. തുടര്‍ന്നായിരിക്കും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമാഹരിക്കുന്നതിനുള്ള ഓപ്പൺ ഫോറം നടക്കുക. ഈ നിര്‍ദേശങ്ങൾ ക്രോഡീകരിച്ച് സംസ്ഥാന സര്‍ക്കാറിന് മുന്നിൽ സമര്‍പ്പിക്കും. 
കെ-സ്മാര്‍ട്ട് സേവനങ്ങൾ നൽകുന്ന കെ-സ്മാര്‍ട്ട് ക്ലിനിക്ക്, വിജ്ഞാന കേരളം തൊഴിൽ മേള എന്നിവയും വികസന സദസ്സുകളിൽ നടക്കും. ജില്ലയിൽ തെരഞ്ഞെടുത്ത റിസോഴ്സ് പേഴ്സൺമാര്‍ക്ക് വ്യാഴാഴ്ച ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. അടുത്ത ദിവസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും പരിശീലനം നൽകും.

Post a Comment

0 Comments