എലത്തൂർ മണ്ഡലം അദാലത്ത് 20 വരെ പരാതികൾ നൽകാം
കോഴിക്കോട് : വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ഒക്ടോബര്‍ നാലിന് നടത്തുന്ന പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 20 വരെ സ്വീകരിക്കും. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ ഇ ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴിയും (edistrict.kerala.gov.in) അക്ഷയ കേന്ദ്രങ്ങള്‍ വഴിയും തദ്ദേശ സ്ഥാപനങ്ങള്‍ വഴി നേരിട്ടും സമര്‍പ്പിക്കാം. ഇ -ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴി പരാതി സമര്‍പ്പിക്കുന്നവര്‍ ലോഗിന്‍ ചെയ്ത്, വണ്‍ടൈം രജിസ്ട്രേഷന്‍ മെനുവിലെ ആപ്ലിക്കന്റ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി, എലത്തൂര്‍ മണ്ഡലം അദാലത്ത് ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.
നേരിട്ടുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി മണ്ഡല പരിധിയിലെ ചേളന്നൂര്‍, കക്കോടി, കാക്കൂര്‍, കുരുവട്ടൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലും കോര്‍പറേഷന്റെ എലത്തൂരിലെ മേഖലാ ഓഫീസിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഒരുക്കിയിട്ടുണ്ട്. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ സ്വീകരിക്കും. ഇവിടെ ലഭിക്കുന്ന പരാതികളും അനുബന്ധ രേഖകളും സിറ്റിസണ്‍ പോര്‍ട്ടല്‍ വഴി അപ്ലോഡ് ചെയ്ത് കലക്ടറേറ്റിലെ സെന്‍ട്രല്‍ ഹെല്‍പ്പ് ഡെസ്‌ക്കിലേക്ക് നല്‍കും. ഇവിടെ നിന്നാണ് പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഓഫീസുകള്‍ക്കും തുടര്‍ നടപടികള്‍ക്കായി കൈമാറുക.
ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം, കുടിവെള്ളം, ഭക്ഷ്യ സുരക്ഷ, ജലസ്രോതസ്സുകളുടെ സംരക്ഷണം, റേഷന്‍ കാര്‍ഡ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച പരാതികള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റല്‍ തുടങ്ങിയ വിഷയങ്ങളാണ് അദാലത്തില്‍ പരിഗണിക്കുക. ലൈഫ് ഭവനപദ്ധതി, ഭൂമി തരം മാറ്റല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയുമായി ബന്ധപ്പെട്ട പുതിയ പരാതികള്‍ അദാലത്തില്‍ പരിഗണിക്കില്ല. ഒരു അപേക്ഷയില്‍ ഒന്നില്‍ കൂടുതല്‍ പരാതികള്‍ ഉള്‍പ്പെടുത്തരുത്. ജനങ്ങളുടെ പരാതികളില്‍ ഏതെങ്കിലും കാരണത്താല്‍ തീരുമാനം വൈകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
Post a Comment
0 Comments