മരണ വീട്ടിലേക്കുള്ള യാത്ര അവസാനത്തേതായി; മകൻ്റെ കയ്യകലത്തിൽ അമ്മയെ മരണം തട്ടിയെടുത്തു
ബാലുശ്ശേരി : നാട്ടിൻപുറങ്ങളിലെ പതിവു രീതിയാണ് ബന്ധുക്കളുടെ മരണ വീടുകളിലേക്കും മറ്റും പോകുമ്പോൾ പഞ്ചസാരയും ചായപ്പൊടിയും ഒപ്പം പലഹാരങ്ങളും വാങ്ങുന്നത്. എന്നാൽ പതിവുപോലെ വാങ്ങിയ സാധനങ്ങളുമായി ഇത്തവണ ബന്ധുവിൻ്റെ മരണ വീട്ടിലേക്കു പോകാൻ സരോജിനി അമ്മയെ വിധി അനുവദിച്ചില്ല.
കഴിഞ്ഞ ദിവസം മകൻ മോഹനൻ്റെ കൺമുൻപിൽ വച്ചാണ് തലയാട് ചെമ്പുങ്കര പുല്ലുമലയിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരോജിനി അമ്മ (80) അപകടത്തിൽ ദാരുണമായി മരിച്ചത്. സരോജിനി അമ്മയുടെ സഹോദരന്റെ ഭാര്യ ഒരങ്കോകുന്നുമ്മൽ സൗമിനി ഉത്രാട ദിവസം മരിച്ചിരുന്നു. അവിടേക്കു മോഹനൊപ്പം ഓട്ടോറിക്ഷയിൽ പോവുകയായിരുന്നു സരോജിനി അമ്മ. അപ്പോൾ പലഹാരങ്ങളും പലചരക്കു സാധനങ്ങളും വാങ്ങുന്നതിനാണു പടിക്കൽവയലിൽ ഓട്ടോറിക്ഷ നിർത്തിച്ച് ഇരുവരും കടയിലേക്കു കയറിയത്. പലചരക്കു സാധനങ്ങൾ വാങ്ങി ബേക്കറി കിട്ടുന്നതിനായി കാത്തു നിൽക്കുമ്പോഴാണു നിയന്ത്രണംവിട്ട കാർ സരോജിനി അമ്മയുടെ കാലനായി എത്തിയത്. "കുഞ്ഞ്യാനെ വണ്ടീ..." എന്നു പറഞ്ഞ് നീട്ടിയ കൈകൾ പിടിച്ചു മാറ്റാനായില്ല, അപ്പോഴേക്കും കുതിച്ചെത്തിയ കാർ അമ്മയെ ഇടിച്ച് മുന്നോട്ടു നിരക്കി കൊണ്ടുപോയിരുന്നു. കാറിനും കടയുടെ ചുമരിനും ഇടയിൽ കുടുങ്ങിപ്പോയ അമ്മയെ ഏറെ പണിപ്പെട്ട് രക്ഷിച്ച് എത്താവുന്ന ആശുപത്രികളിൽ എല്ലാം എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, മൂത്ത മകൻ മോഹനൻ താങ്ങാനാകാത്ത ദുഃഖത്തോടെയാണു അന്നത്തെ അപകടത്തെ കുറിച്ച് ഓർക്കുന്നത്. തിരുവോണ ദിവസം തലയാട് പടിക്കൽവയൽ അങ്ങാടിയിൽ കട്ടിപ്പാറ റോഡ് ജംക്ഷനിലായിരുന്നു അപകടം. ഇരുവരും കടയിൽ നിന്നു പലചരക്കു സാധനങ്ങൾ വാങ്ങിയിരുന്നു. ബേക്കറി എടുക്കാൻ അതേ കടക്കാരനോട് പറയുന്നതിനായി മോഹനൻ ഒരൽപം മാറിയപ്പോഴാണു ഒന്നര അടി പൊക്കമുള്ള നടപ്പാതയിലൂടെ കുതിച്ചെത്തിയ കാർ സരോജിനി അമ്മയെ ഇടിച്ചു മുന്നോട്ടു നീങ്ങിയത്. ഒരു കയ്യകലം മാത്രം അപ്പുറത്തുള്ള മോഹനൻ്റെ കൺ മുൻപിലായിരുന്നു ഈ ദാരുണ അപകടം. ഓടിക്കൂടിയ ആളുകൾ ചേർന്ന് കാർ തള്ളി മാറ്റി സരോജിനി അമ്മയെ ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. ആദ്യം പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മൊടക്കല്ലൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ത സമ്മർദത്തിനുള്ള മരുന്ന് കഴിക്കുന്നത് അല്ലാതെ സരോജിനി അമ്മയ്ക്ക് മറ്റു അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അപകട വിവരം അറിഞ്ഞതോടെ മലയോര മേഖലയിലെ ഉത്സവാന്തരീക്ഷം പൊടുന്നനെ ദുഃഖത്തിലേക്കു മാറിയിരുന്നു. ഭാഗ്യത്തിനാണു ഓട്ടോറിക്ഷയുടെ ഡ്രൈവർ സാദിഖും അവിടെ ഉണ്ടായിരുന്നവരും അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. നിർത്തിയിട്ട ഓട്ടോറിക്ഷയുടെ മുൻ വശത്ത് തട്ടിയാണു കാർ കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ പൊലീസ് കേസെടുത്തു.

Post a Comment
0 Comments