കഞ്ചാവ് സംഘത്തിലെ പ്രധാനി പിടിയിൽ

തിരുവനന്തപുരം : കേരളത്തിലേക്ക് ഇതര സംസ്‌ഥാന തൊഴിലാളികൾ വഴി കഞ്ചാവ് കൈമാറുന്നതിലെ മുഖ്യകണ്ണി പിടിയിൽ. വിഴിഞ്ഞം പോലീസാണ് ഒഡീഷയിൽ ചെന്ന് മുൻപ് മാവോയിസ്‌റ്റ് സംഘത്തിന്റെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സ്‌റ്റേഷൻ പരിധിയിൽ നിന്ന് പ്രതിയെ പിടികൂടിയത്.
ജൂലൈ18ന് ആറര കിലോ കഞ്ചാവുമായി വിഴിഞ്ഞം കാവൂവിള സ്വദേശി രാജു, വിഴിഞ്ഞം മൈത്രി മൻസിലിൽ നാസുമുദീൻ എന്നിവർ പിടിയിലായ സംഭവത്തിന്റെ തുടരന്വേഷണമാണ്  പ്രതി രമേശ് ഷിക്കാക്കയിലേക്കെത്തിയത്. ഇതിനു പിന്നാലെ ഒളിവിലായിരുന്ന വിഴിഞ്ഞം സ്വദേശി ചൗക്ക സലീം എന്ന സലീമിനെയും പിടികൂടിയിരുന്നു.

പിടിയിലായവരിൽ നിന്നുള്ള വിവരം അനുസരിച്ചാണ് സംഘം ഒഡീഷയിലേക്ക് എത്തിയത്. വിശദമായ തിരച്ചിലിനൊടുവിലാണ്  പ്രതിയെ പിടികൂടാനായത്. പ്രതി പിടിയിലായതറിഞ്ഞു സ്റ്റേഷനിൽ തടിച്ചു കൂടിയ നാട്ടുകാരെ നീക്കിയത് ഒഡീഷ മുനിഗുഡ പോലീസ് സ്‌റ്റേഷനിലെ വനിത ഇൻസ്പെക്ടറായിരുന്നു.
തിരുവനന്തപുരം സിറ്റി ഡിസിപി നകുൽ ആർ.ദേശ്മുഖിൻ്റെ നിർദ്ദേശപ്രകാരം വിഴിഞ്ഞം എസ്എച്ച്ഒ പ്രകാശ്.ആർ എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ .ദിനേശ്, എ.എസ്.ഐ വിജയകുമാർ, എസ്.സി.പി.ഒ വിനയകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.


Post a Comment

0 Comments