നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സജ്ജമായി
സുൽത്താൻ ബത്തേരി : നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി.
മസ്തിഷ്‌കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍, സെറിബ്രല്‍ പാള്‍സി, വിവിധ പരിക്കുകളാല്‍ എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്ത രോഗികൾ എന്നിവരെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയാണ് ഈ സംവിധാനത്തിലൂടെ.
ഫിസിയോതെറാപ്പി ചികിത്സക്കായി നിലവില്‍ ലഭ്യമായ മികച്ച ആധുനിക സംവിധാനമാണ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍.
രോഗികളുടെ ഇടുപ്പിനും മുട്ടുകള്‍ക്കും ചലനം നല്‍കി ആരോഗ്യം മെച്ചപ്പെടുത്തി നടന്നുതുടങ്ങാന്‍ സഹായിക്കുന്ന റോബോട്ടിക് മെഷീന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ക്രമീകരിക്കാനാവും.
ബെല്‍റ്റുകള്‍ പോലുള്ള പ്രത്യേക സംവിധാനത്തിലൂടെ രോഗിയെ മെഷീനുമായി ബന്ധിപ്പിച്ച് രോഗിയുടെ അവസ്ഥ അനുസരിച്ച് കൃത്യമായ വ്യായാമവും നടക്കാനുള്ള പരിശീലനവും മെഷീന്‍ തന്നെ രോഗിക്ക് നല്‍കും. ഡോക്ടറും ഫിസിയോതെറാപ്പിസ്റ്റും നിര്‍ദേശിക്കുന്നത് അനുസരിച്ചാണ് ഓരോ രോഗിക്കും മെഷീനില്‍ ചികിത്സ ലഭ്യമാക്കുന്നത്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെന്റോബോട്ടിക്‌സ് കമ്പനി വികസിപ്പിച്ച ആധുനിക മോഡലായ ജി-ഗെയ്റ്റര്‍ മെഷീനാണ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്ഥാപിച്ചത്.
Post a Comment
0 Comments