പീച്ചിയിലും പൊലീസ് ക്രൂരത; ദൃശ്യങ്ങൾ പുറത്ത്
തൃശൂർ : കുന്നംകുളം സ്റ്റേഷനിലെ പീഡനം പുറത്തുവന്നതിനു പിന്നാലെ പീച്ചി സ്റ്റേഷനിൽ നിന്നും സമാന സംഭവം.
പീച്ചി പൊലീസ് സ്റ്റേഷനിൽ 2023ൽ തനിക്കും ഒപ്പം ഉള്ളവർക്കും നേരെ നടന്ന മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്
പരാതിക്കാരനായ പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ ഉടമ കെ.പി.ഔസേപ്പാണ്. ഒന്നരവർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അദ്ദേഹത്തിന് ദൃശ്യങ്ങൾ ലഭിച്ചത്.
2023 മേയ് 24ന് ആണ് കെ.പി. ഔസേപ്പ്, മകൻ പോൾ ജോസഫ്, ഹോട്ടൽ ജീവനക്കാർ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനിൽ വച്ച് അപമാനിക്കുകയും മർദിക്കുകയും ചെയ്തത്. ഹോട്ടലിലെ ഭക്ഷണത്തെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പീച്ചി എസ്ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിലായിരുന്നു മർദനം. എസ് ഐ ഇവരെ മർദ്ദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ദൃശ്യം പുറത്തുവന്നിട്ടും കുറ്റക്കാരായ പോലീസുകാർക്കെതിരേയുള്ള നടപടിക്കായി ഇപ്പോഴും നിയമപോരാട്ടം നടത്തുകയാണ് ഔസേപ്പ്.
മർദന ദൃശ്യത്തിനുവേണ്ടി വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷ പോലീസ് നിരന്തരം തള്ളി. മാവോവാദി ഭീഷണിയും സ്ത്രീസുരക്ഷയുമെല്ലാം ദൃശ്യം കൈമാറാതിരിക്കാനുള്ള കാരണങ്ങളായി പൊലീസ് പറഞ്ഞിരുന്നു. ഒടുവിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതിനു ശേഷമാണ് ദൃശ്യങ്ങൾ നൽകാൻ പൊലീസ് തയ്യാറായത്. എന്നിട്ടും കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ മടിക്കുകയാണ് അധികൃതർ. മർദിച്ച എസ്ഐയെക്കൂടി പ്രതിചേർക്കാൻ ഔസേപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പൊലീസ് കൈക്കൂലി വാങ്ങിയതായും ഔസേപ്പ് പറയുന്നു.
Post a Comment
0 Comments