പ്രധാനമന്ത്രിയെയും മാതാവിനെയും ഉൾപ്പെടുത്തിയുള്ള കോൺഗ്രസിന്റെ എഐ വീഡിയോക്കെതിരെ പൊലീസ് കേസ്
ഒറിജിനൽ ചിത്രം
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മാതാവിൻ്റെയും ഫേക്ക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വീഡിയോ പുറത്തിറക്കിയതിനെതിരെ ബിജെപി നൽകിയ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാക്കളെയും ഐടി സെല്ലിനെയും പ്രതിച്ചേർത്താണ് കേസെടുത്തിട്ടുള്ളത്.
വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്. ബിഹാർ കോൺഗ്രസിന്റെ സമൂഹമാധ്യമത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും ഉൾപ്പെടുത്തിയുള്ള എഐ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ബിജെപിയുടെ ഡൽഹി തെരഞ്ഞെടുപ്പ് സെല്ല് കൺവീനർ സങ്കേത് ഗുപ്‌തയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കോൺഗ്രസ് തയ്യാറാക്കിയ വീഡിയോ പ്രധാനമന്ത്രിയുടെ മാതാവിന്റെ അന്തസിനെ അപമാനിക്കുന്നത് ആണെന്ന് നോർത്ത് അവന്യൂ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബിഹാറിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയമായി പ്രകോപിപ്പിക്കാനാണ് വീഡിയോ പുറത്തിറക്കിയതെന്നാണ് ബിജെപിയുടെ പ്രധാന വിമർശനം.
തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തിൽ മോദിയോട് അമ്മ അപേക്ഷിക്കുന്നതാണ് വീഡിയോയുടെ കാതൽ. ബിഹാറിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വോട്ടർ അധികാർ യാത്രയിൽ തനിക്കും അമ്മയ്ക്കും നേരെ അധിക്ഷേപകരമായ പരാമർശങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് വീഡിയോ പുറത്തിറങ്ങിയത്. മരിച്ചുപോയ അമ്മയോട്
സാമ്യമുള്ള എഐ കഥാപാത്രം മോദിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയത്തിൽ തന്റെ പേര് ഉപയോഗിച്ചതിന് അദ്ദേഹത്തെ കർശനമായി ശാസിക്കുന്നതും മോദിയോട് സാമ്യമുള്ള എഐ കഥാപാത്രം ഇത് കേട്ട് ഞെട്ടലോടെ ഉണരുന്നതുമാണ് വീഡിയോ.
'സാഹെബിന്റെ സ്വപ്‌നങ്ങളിൽ അമ്മ പ്രത്യക്ഷപ്പെടുന്നു. ഈ രസകരമായ സംഭാഷണം കാണുക' എന്ന അടിക്കുറിപ്പും വീഡിയോക്ക് നൽകിയിരുന്നു. വീഡിയോ പുറത്തിറങ്ങിയതിനു പിന്നാലെ ബിജെപി നേതാക്കൾ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തുകയും പ്രതിപക്ഷം വിലകുറഞ്ഞ തന്ത്രങ്ങൾ അവലംബിക്കുകയാണെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് ബിജെപി പൊലീസിൽ പരാതി നൽകിയത്.

Post a Comment
0 Comments