റാങ്ക് നേട്ടത്തിൽ കേരള പൊലീസ്

തിരുവനന്തപുരം : നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ദേശീയ തലത്തില്‍ നടത്തിയ വിരലടയാള വിദഗ്ദ്ധര്‍ക്കായുള്ള പരീക്ഷയില്‍ ആദ്യ മൂന്ന് റാങ്കും നേടി കേരള പൊലീസ് ഒന്നാമതെത്തി. ഇതാദ്യമായാണ് ആദ്യത്തെ മൂന്നുസ്ഥാനങ്ങളും കേരളത്തിന് ലഭിക്കുന്നത്.
 വിരലടയാള വിദഗ്ദ്ധര്‍ക്കായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ നടത്തിയ ആള്‍ ഇന്ത്യ ബോര്‍ഡ് എക്സാമിനേഷനിലാണ് കേരളത്തില്‍ നിന്ന് പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും ഉന്നത വിജയം കരസ്ഥമാക്കാനായത്. ഈ മാസം ന്യൂഡല്‍ഹിയില്‍ വച്ച്  മൂന്നുദിവസങ്ങളിലായി നടന്ന പരീക്ഷയിലാണ് അഭിമാനാര്‍ഹമായ നേട്ടം കേരളം കൈവരിച്ചത്. 
തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫിംഗര്‍ പ്രിന്‍റ് ബ്യൂറോയില്‍ നിന്നുള്ള അഭിജിത് .എ ഒന്നാം റാങ്കും കോഴിക്കോട് റൂറലിലെ ജില്ലാ ഫിംഗര്‍ പ്രിന്‍റ് ബ്യൂറോയില്‍ നിന്നുള്ള അക്ഷയ് ഇ.പി രണ്ടാം റാങ്കും വയനാട് ജില്ലാ ഫിംഗര്‍ പ്രിന്‍റ് ബ്യൂറോയില്‍ നിന്നുള്ള നിമിഷ .എ മൂന്നാം റാങ്കും കരസ്ഥമാക്കി.  
കേരളത്തില്‍ നിന്ന്  പരീക്ഷയില്‍ പങ്കെടുത്ത എട്ടുപേര്‍ക്കും ഉന്നതവിജയം കരസ്ഥമാക്കാനായത് അഭിമാനാര്‍ഹമാണ്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ പരീക്ഷകള്‍ നടത്താറുണ്ടെങ്കിലും പങ്കെടുത്ത എല്ലാപേരും ഉന്നതവിജയം കരസ്ഥമാക്കുന്നത് ഇതാദ്യമായാണ്. 

Post a Comment

0 Comments