വൈദ്യുതി ഉപഭോക്താക്കൾക്ക് ഇരുട്ടടി

കോഴിക്കോട് : വൈദ്യുതി ഉപഭോക്താക്കൾക്ക് തിരിച്ചടിയായി കെഎസ്ഇബി തീരുമാനം. 
പ്രതിമാസം 250 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഏഴ് ലക്ഷത്തോളം ഗാർഹിക ഉപഭോക്താക്കള്‍ക്കാണു കെ.എസ്.ഇ.ബിയുടെ തീരുമാനം ഇരുട്ടടിയാകുന്നത്.
വേനല്‍ക്കാലത്തേക്കെന്നു പറഞ്ഞ് ഏപ്രില്‍, മേയ് മാസങ്ങളില്‍ ഈടാക്കിയ 25 ശതമാനം രാത്രികാല അധിക നിരക്ക് ഈ വർഷം മുഴുവൻ പിരിക്കാനാണ് തീരുമാനം. ഇതുമൂലം കഴിഞ്ഞ മാസങ്ങളിൽ എല്ലാം  താങ്ങാനാവാത്ത വൈദ്യുതി ബില്ലാണ് ഉപഭോക്താക്കള്‍ക്ക് വന്നത്.
യൂണിറ്റിനു ശരാശരി 8.39 രൂപയാണ് രാത്രി പീക്ക് അവറില്‍ ഇപ്പോള്‍ ഈടാക്കുന്നത്. സാധാരണ നിരക്ക് യൂണിറ്റിന് 6.90 രൂപയാണ്. ഈ പരിധിയില്‍ പെടുന്നവർക്ക് പകല്‍ സമയം 10 ശതമാനം കുറഞ്ഞ തുകയെന്ന ഓഫറുണ്ട്. പക്ഷേ, രാത്രി സമയത്തെ പിടിച്ചുപറി കാരണം പ്രയോജനപ്പെടുന്നില്ല. ഗാർഹിക ഉപഭോഗം പകല്‍ കുറവാണ്.
ഗാർഹിക ഉപഭോക്താക്കള്‍ക്കും 20 കിലോവാട്ടില്‍ കുറവ് കണക്ടഡ് ലോഡുള്ള ചെറുകിട വ്യവസായങ്ങള്‍ക്കുമാണ് വേനല്‍ക്കാലത്ത് പകലും രാത്രിയും വ്യത്യസ്ത നിരക്ക് ഇടാക്കുന്ന ടൈം ഒഫ് ഡേ (ടി.ഒ.ഡി) സംവിധാനം കഴിഞ്ഞ ഏപ്രില്‍ മുതല്‍ നടപ്പാക്കിയത്. വേനല്‍ക്കാലത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടുകയും സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തതോടെയാണിത്.

പുറമെ നിന്ന് അധികനിരക്കില്‍ കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരുന്നത് ഒഴിവാക്കാൻ കൂടിയായിരുന്നു ഇത്. വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുമതിയും നല്‍കി.
രാത്രി ലോഡ് കുറയ്ക്കാനും പകല്‍ സോളാർ വൈദ്യുതി ഉള്‍പ്പെടെ പരമാവധി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് വർഷം മുഴുവൻ അധികഭാരം ചുമത്തിയതെന്നാണ് കെ.എസ്.ഇ.ബി വിശദീകരണം. ഏഴു ലക്ഷം ടി.ഒ.ഡി ഉപഭോക്താക്കളില്‍ ഒന്നേമുക്കാല്‍ ലക്ഷം പേർ പുരപ്പുറ സോളാർ ഉപഭോക്താക്കള്‍ കൂടിയാണ്.

1.രാവിലെ 6 മുതല്‍ വൈകിട്ട് 6വരെ: സാധാരണ നിരക്കിനെക്കാള്‍ 10% കുറഞ്ഞ തുക

2. വൈകിട്ട് 6 മുതല്‍ രാത്രി 10വരെ: സാധാരണ നിരക്കിനെക്കാള്‍ 25% അധികം

3. രാത്രി 10മുതല്‍ രാവിലെ 6വരെ: സാധാരണ നിരക്ക്

(ഇതില്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് വൈകിട്ട് 6മുതല്‍ രാത്രി 10വരെ 50 ശതമാനം അധിക തുക)

കെഎസ്ഇബിയുടെ ജനദ്രോഹ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

Post a Comment

0 Comments