ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണം -മന്ത്രി എ കെ ശശീന്ദ്രൻ


കോഴിക്കോട് : 
'കൂടെയുണ്ട്, കരുത്തായി കരുതലായി’ എലത്തൂര്‍ മണ്ഡലം അദാലത്തിന് സംഘാടകസമിതി രൂപീകരിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാവർക്കും ഒരുമിച്ചു നിൽക്കാമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മന്ത്രിയുടെ നേതൃത്വത്തില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ഒക്ടോബര്‍ നാലിന് നടത്തുന്ന പരാതി പരിഹാര അദാലത്ത് ‘കൂടെയുണ്ട്, കരുത്തായി കരുതലായി' സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങളുടെ പരാതികളില്‍ ഏതെങ്കിലും കാരണത്താല്‍ തീരുമാനം വൈകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അദാലത്ത് വിജയകരമായി നടത്താൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മന്ത്രി എ കെ ശശീന്ദ്രൻ, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് എന്നിവർ രക്ഷാധികാരികളായും ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി സുനിൽ കുമാർ ചെയർമാനും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ പി ഷീബ, എ സരിത, സി എം ഷാജി, കൃഷ്ണവേണി മാണിക്കോത്ത്, പി പി നൗഷീര്‍, കെ ടി പ്രമീള, മണ്ഡലത്തിൽ  നിന്നുള്ള ജില്ലാ പഞ്ചായത്തംഗങ്ങൾ, കോർപ്പറേഷൻ കൗൺസിലർമാർ എന്നിവർ വൈസ് ചെയർമാൻമാരും തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ പി ടി പ്രസാദ് ജന. കൺവീനറും ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ട്രഷററുമായി 501 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്. 

ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, ശാരീരിക/ബൗദ്ധിക/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം, കുടിവെള്ളം, ഭക്ഷ്യ സുരക്ഷ, ജലസ്രോതസ്സുകളുടെ സംരക്ഷണം, റേഷന്‍ കാര്‍ഡ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച പരാതികള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റല്‍ തുടങ്ങിയ വിഷയങ്ങളാണ് അദാലത്തില്‍ പരിഗണിക്കുക. ലൈഫ് ഭവനപദ്ധതി, ഭൂമി തരം മാറ്റല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയുമായി ബന്ധപ്പെട്ട പുതിയ പരാതികള്‍ അദാലത്തില്‍ പരിഗണിക്കില്ല. സെപ്റ്റംബർ 23 വരെ പരാതികൾ അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും എലത്തൂരിലുള്ള കോർപ്പറേഷൻ മേഖലാ ഓഫീസിലും നേരിട്ട് സ്വീകരിക്കും.

കക്കോടി പ്രിൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കക്കോടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി പി നൗഷീര്‍, എ സരിത, കൃഷ്ണവേണി മാണിക്കോത്ത്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ വി പി മനോജ്, എസ് എം തുഷാര, മനോഹരൻ, എഡിഎം പി സുരേഷ്, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ പി ടി പ്രസാദ്, കോഴിക്കോട് തഹസില്‍ദാര്‍ എ എം പ്രേംലാല്‍, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments