മാട്ടുവയലിലെ പ്രാണി ശല്യം: ഒഴിവാക്കാൻ നടപടി

കോഴിക്കോട് : എലത്തൂര്‍ മാട്ടുവയല്‍ പ്രദേശത്തെ പ്രാണിശല്യത്തിന് അടിയന്തര പരിഹാരം കാണാന്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനം. പ്രത്യേക തരം പ്രാണികള്‍ പെരുകിയത് കാരണം പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാന്‍ ഇന്ന് (സെപ്റ്റംബര്‍ 20) രാവിലെ എട്ട് മുതല്‍ പ്രാണി നിര്‍മാര്‍ജന യജ്ഞം ആരംഭിക്കും. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. പ്രത്യേക മിശ്രിതം ഉപയോഗിച്ച് സ്‌പ്രേയിങ് നടത്തുകയും പ്രദേശത്തെ മാലിന്യം കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നീക്കുകയും ചെയ്യും. അഴുക്കുചാല്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ ശാസ്ത്രീയ പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കാന്‍ എന്‍ഐടിയെ ചുമതലപ്പെടുത്തും. 
കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകുന്നതിനുള്ള താല്‍ക്കാലിക സംവിധാനം ഡ്രഡ്ജിങ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ നേതൃത്വത്തില്‍ ഒരുക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. സംഭവസ്ഥലം സന്ദര്‍ശിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി. പ്രാണിശല്യം ദുരന്തമായി പ്രഖ്യാപിക്കാനുള്ള സാധ്യതയെ കുറിച്ച് മന്ത്രി ജില്ലാ ദുരന്ത നിവാരണ വകുപ്പ് അധ്യക്ഷന്‍ കൂടിയായ കലക്ടറോട് അന്വേഷിച്ചു. മാലിന്യം നീക്കം ചെയ്യുന്നതിന് പുറമെ പ്രദേശത്തെ ജനങ്ങളില്‍ മാലിന്യ സംസ്‌കരണ ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു.

കോര്‍പ്പറേഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ ബീന ഫിലിപ്പ്, സ്ഥിരം സമിതി അധ്യക്ഷരായ എസ് ജയശ്രീ, പി കെ നാസര്‍, കൗണ്‍സിലര്‍മാരായ വി കെ മോഹന്‍ദാസ്, കെ സി ശോഭിത, ജില്ലാ വെക്ടര്‍ കണ്‍ട്രോളര്‍ സീനിയര്‍ ബയോളജിസ്റ്റ് സബിത, കോര്‍പ്പറേഷന്‍ ആരോഗ്യ വകുപ്പ്, ഇറിഗേഷന്‍ വകുപ്പ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍, എലത്തൂര്‍ പോലീസ് എസ്എച്ച്ഒ, വില്ലേജ് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments